ഇ വി എം ഉപേക്ഷിച്ച് പേപ്പര്‍ ബാലറ്റ് സംവിധാനത്തിലേക്ക് മടങ്ങണം എന്ന നിര്‍ദ്ദേശം ദില്ലിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം തള്ളി. ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഇവിഎമ്മില്‍ വിവിപാറ്റ് സംവിധാനം ഘടിപ്പിക്കും. കുറ്റപത്രത്തില്‍ പേരുള്ളവരെയും മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന കമ്മീഷന്‍ നിര്‍ദ്ദേശം രാഷ്ട്രീയകക്ഷികള്‍ അംഗീകരിച്ചില്ല
35 സംസ്ഥാന പാര്‍ടികളുടെയും ഏഴ് ദേശീയ പാര്‍ടികളുടെയും പ്രതിനിധികളും പങ്കെടുത്ത സര്‍വ്വകക്ഷി യോഗമാണ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് രംഗം പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് തയ്യാറാക്കുന്ന പൊതുമേഖല സ്ഥാപനങ്ങളിലെ വിദഗ്ധരും ഐ.ഐ.ടികളിലെ എന്‍ജിനീയര്‍മാരും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ഒരു തരത്തിലുമുള്ള തിരിമറി സാധ്യമല്ലെന്ന് വ്യക്തമാക്കി. ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പിലും ആര്‍ക്ക് വോട്ട് ചെയ്‌തെന്ന് രേഖപ്പെടുത്തുന്ന വിവിപാറ്റ് സംവിധാനം ഉപയോഗിക്കാമെന്ന് കമ്മീഷന്‍ ഉറപ്പു നല്കി
സംശയങ്ങള്‍ ദുരീകരിക്കണമെന്ന് ബിജെപി ഒഴികെ ഏതാണ്ടെല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടു. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന് ബിഎസ്പിയും സിപിഐയും ആവശ്യപ്പെട്ടു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് യന്ത്രം നല്കിയാല്‍ തിരിമറി തെളിയിക്കാമെന്ന വാദം ആം ആദ്മി പാര്‍ട്ടി ആവര്‍ത്തിച്ചു.
കുറഞ്ഞത് അഞ്ച് വര്‍ഷം ശിക്ഷ കിട്ടാവുന്ന കേസുകളില്‍ കുറ്റപത്രത്തില്‍ പേരുള്ളവരെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്ന നിര്‍ദ്ദേശം കമ്മീഷഷന്‍ മുന്നോട്ടു വച്ചു. എന്നാല്‍ ഇതംഗീകരിക്കാനാവില്ലെന്നും പല കേസുകളും രാഷ്ട്രീയ പ്രേരിതമാണെന്നും ഭൂരിപക്ഷം കക്ഷികളും നിലപാടെടുത്തു.
