ദില്ലി: വോട്ടിംഗ് യന്ത്രണത്തില്‍ കൃത്രിമം കാണിക്കാമെന്ന് തെളിയിക്കാന്‍ രാഷ്‌ട്രീയ പാര്‍ടികള്‍ക്ക് ജൂണ്‍ 3 മുതല്‍ സമയം നല്‍കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതുവരെ ഇക്കാര്യത്തില്‍ വ്യക്തമായ യാതൊരു തെളിവും കിട്ടിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ദില്ലിയിലെ വിജ്ഞാന്‍ ഭവനില്‍ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിലെയും ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെയും എന്‍ജിനീയര്‍മാരുടെ സഹായത്തോടെ വോട്ടിംഗ് യന്ത്രത്തിന്റെ സാങ്കേതിക വശങ്ങളെ കുറിച്ച് തല്‍സമയ പ്രദര്‍ശനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘടിപ്പിച്ചു.അതിന് ശേഷമാണ് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാമെന്ന് തെളിയിക്കാന്‍ രാഷ്‌ട്രീയ പാര്‍ടികള്‍ക്ക് ജൂണ്‍ 3 മുതല്‍ അവസരം നല്‍കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്‍ നസീം സെയ്ദി അറിയിച്ചത്.
ഈമാസം 26ന് വൈകീട്ട് അഞ്ച് മണിക്കകം ഇക്കാര്യത്തില്‍ രാഷ്‌ട്രീയ പാര്‍ടികളുടെ താല്‍പര്യം അറിയിക്കണം. താല്‍പര്യം അറിയിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമെ അവസരം നല്‍കൂയെന്നും കമ്മീഷന്‍ അറിയിച്ചു. വോട്ടിംഗ് യന്ത്രണത്തില്‍ ക്രിത്രിമം കാണിക്കാനാകുമെന്ന് പലരും പറഞ്ഞെങ്കിലും ഇതുവരെ ആരും വ്യക്തമായ തെളിവ് ഹാജരാക്കിയിട്ടില്ല.
വി.വി.പാറ്റ് ഘടിപ്പിച്ച വോട്ടിംഗ് യന്ത്രമായിരിക്കും ഭാവിയിലെ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുക എന്നും കമ്മീഷന്‍ പറഞ്ഞു. അതേസമയം കൃത്രിമം തെളിയിക്കാന്‍ വോട്ടിംഗ് യന്ത്രം അനുവദിക്കുന്നില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രതികരിച്ചു.
