സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ നല്‍കാനുള്ളത് 550.28 കോടി സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കാനുള്ളത് 109.09 കോടി

തൃശൂര്‍: കുടിശിക പിരിച്ചെടുത്തത് കൊണ്ട് മാത്രം കാര്യമില്ലെന്നും താരിഫ് ക്രമപ്പെടുത്തണമെന്നും വൈദ്യുതി വകുപ്പ്. കടുത്ത സാമ്പത്തീക പ്രതിസന്ധിയിലായ കെ.എസ്.ഇ.ബിയാണ് പ്രതിസന്ധി മറികടക്കാന്‍ 'നിരക്ക് വര്‍ധനവ്' ആവശ്യം പരോക്ഷമായി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. പെന്‍ഷന്‍ മുടങ്ങിയേക്കുമെന്ന ആശങ്കയറിയിച്ച് ചെയര്‍മാന്‍ സംഘടനകള്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് വകുപ്പ് കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്ന് അറിയിച്ച് സര്‍ക്കാരിനെയും അറിയിച്ചിരിക്കുന്നത്. 

നാലുവര്‍ഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ചു പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പരിശോധന തുടങ്ങിയിരിക്കേയാണ് ബോര്‍ഡ് സാമ്പത്തീക പ്രതിസന്ധിയും, നിരക്ക് വര്‍ധനവിന്റെ പരോക്ഷ സൂചനയും അറിയിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ദേയം. 2017 ഡിസംബര്‍ വരെയുള്ള കണക്കെടുത്തതില്‍ 2441.22 കോടിയാണ് വിവിധ സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നായി കെ.എസ്.ഇ.ബിക്ക് കുടിശികയുള്ളത്. 

സര്‍ക്കാര്‍ വകുപ്പുകള്‍ 109.09 കോടി, പൊതുമേഖലാ സ്ഥാപനങ്ങള്‍ 1424.91 കോടി, സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ 550.28 കോടി എന്നിങ്ങനെയാണ് കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ള കുടിശിക കണക്ക്. വാട്ടര്‍ അതോറിറ്റി മാത്രം1219.33 കോടി കുടിശികയുണ്ട്. ഇടത് സര്‍ക്കാര്‍ വന്നതിന് ശേഷം 151.52 കോടി കുടിശിക പിരിച്ചെടുക്കാനായെങ്കിലും പൂര്‍ണ്ണമായും പിരിച്ചെടുക്കാനാവില്ലെന്നത് ഇപ്പോഴും വകുപ്പിനെ അലട്ടുന്നുണ്ട്. 

വര്‍ഷങ്ങളായുള്ള കുടിശികയുണ്ടെങ്കിലും ഇത് പിരിച്ചെടുക്കുന്നതില്‍ കടുത്ത അലംഭാവമാണ് ബോര്‍ഡ് കാണിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്. റവന്യു വിടവ് കണ്ടെത്തുന്നതില്‍ പിരിച്ചെടുക്കാനുള്ള കറണ്ട് ചാര്‍ജ്ജ് കുടിശിക ഉള്‍പ്പെടുന്നില്ലെന്നും, അതിനാല്‍ കുടിശിക പിരിച്ചെടുക്കുന്നതിലൂടെ മാത്രം സാമ്പത്തീക ഭദ്രത കൈവരിക്കാന്‍ കഴിയില്ലെന്നും കുടിശിക പിരിച്ചെടുക്കുകയും വരവും ചെലവും തമ്മിലുള്ള വിടവ് പരിഹരിക്കുന്നതിനുള്ള താരിഫ് ക്രമപ്പെടുത്തുകയും, സാമ്പത്തീക കാര്യക്ഷമത കൈവരിക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്താലേ പ്രതിസന്ധി മറികടക്കാനാവൂ എന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. 

കഴിഞ്ഞ ഏപ്രിലിലാണ് ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കില്‍ യൂണിറ്റിനു 10 മുതല്‍ 50 വരെ പൈസ വരേയും, ഹൈടെന്‍ഷന്‍, എക്‌സ്ട്രാ ഹൈടെന്‍ഷന്‍ വിഭാഗങ്ങളുടെ നിരക്കില്‍ 30 പൈസ വരെയും വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഇപ്പോള്‍ ഓരോ വര്‍ഷവും നിരക്കു നിശ്ചയിക്കുന്ന രീതിയാണ്. ഓരോ വര്‍ഷവും നാല് ശതമാനം വര്‍ധന കമ്മിഷന്‍ അനുവദിച്ചിട്ടുണ്ട്. 

ഇന്ധന സര്‍ചാര്‍ജ് ആയി യൂണിറ്റിനു 14 പൈസ വര്‍ധിപ്പിക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടതിനു പുറമെ യൂണിറ്റിനു നാലു പൈസ കൂടി കൂട്ടണമെന്ന് കഴിഞ്ഞ ഡിസംബറില്‍ കമ്മിഷനോടു ബോര്‍ഡ് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നിരക്കു വര്‍ധന സംബന്ധിച്ച് കരടു ചട്ടങ്ങളില്‍ നാല് വര്‍ഷത്തെ വൈദ്യുതി നിരക്ക് ഒന്നിച്ച് പ്രഖ്യാപിക്കുന്നത് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ പ്രാബല്യത്തിലുണ്ട്. ഇതിന്റെ അവസാന നടപടികളിലാണ് കമ്മീഷന്‍.