പാലത്തിന്‍റെ ഇരു വശങ്ങളിലുമായി 60 വിളക്കുകളുണ്ട്. ഇതില്‍ ഒന്നുപോലും തെളിയുന്നില്ല. 

ഹരിപ്പാട്: സന്ധ്യക്ക് ശേഷം കൊച്ചി ജെട്ടി പാലം വഴി യാത്ര ചെയ്യുന്നവര്‍ ഇരുട്ടിനെയും സാമൂഹ്യവിരുദ്ധരെയും ഒരേ പോലെ ഭയക്കണം. ഒറ്റ വൈദ്യുതി വിളക്ക് പോലും തെളിയാത്ത പാലം വഴിയുളള രാത്രി യാത്ര ഭീതിജനകമാണ്. 2010 മാര്‍ച്ചില്‍ നിര്‍മ്മിച്ച പാലത്തില്‍ ഒരുവര്‍ഷം മാത്രമാണ് വിളക്കുകള്‍ തെളിഞ്ഞത്. കായംകുളം കായലിന് കുറുകേ കൊച്ചിയുടെ ജെട്ടിയെയും പെരുമ്പളളിയേയും ബന്ധിപ്പിച്ച് നിര്‍മിച്ച പാലത്തിന് 380 മീറ്റര്‍ നീളമാണുളളത്. പാലത്തിന്‍റെ ഇരു വശങ്ങളിലുമായി 60 വിളക്കുകളുണ്ട്. ഇതില്‍ ഒന്നുപോലും തെളിയുന്നില്ല. 

രാത്രികാലമായാല്‍ പാലം പൂര്‍ണമായും ഇരുട്ടിലാകും. പാലത്തിന്‍റെ അപ്പ്രോച്ച് റോഡില്‍ പോലും വെളിച്ചമില്ല. ഇതുമൂലം പാലത്തിലൂടെയുള്ള യാത്ര ഭീതിയുളവാക്കുന്നതും അപകടകരവുമാണ്. മുമ്പ് ഇത് സംമ്പന്ധിച്ച് വാര്‍ത്തയെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിളക്ക് തെളിക്കാന്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി കുറച്ച് വിളക്കുകള്‍ തെളിയിച്ചു. എന്നാല്‍, മാസങ്ങള്‍ക്കുളളില്‍ തന്നെ എല്ലാ വിളക്കുകളും കണ്ണടച്ചു. പിന്നീട് അധികാരത്തിലെത്തിയ പഞ്ചായത്ത് ഭരണസമിതി തനത് ഫണ്ട് വിനിയോഗിച്ച് വിളക്കുകള്‍ തെളിക്കാന്‍ ശ്രമം നടത്തിയെങ്കിലും അധികനാള്‍ കഴിയുന്നതിന് മുമ്പ് തന്നെ സ്ഥിതി പഴയപടിയിലായി.

എന്‍.ടി.പി.സി. സാമൂഹിക പ്രതിബദ്ധതാ പദ്ധതി പ്രകാരം 35 ലക്ഷം രൂപ മുടക്കി പാലത്തില്‍ സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിരുന്നു. പിന്നീടത് നടക്കാതെപോയി. പാലത്തില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് പി.ഡബ്ലിയു.ഡി.യുടെ അനുമതി വാങ്ങി നല്‍കുന്നതില്‍ മുന്‍ ഭരണസമിതി കാട്ടിയ അലംഭാവമാണ് പദ്ധതി നടക്കാതെ പോകാന്‍ കാരണമെന്ന് അക്ഷേപമുയര്‍ന്നിരുന്നു. സൗരോര്‍ജ പാനല്‍ സ്ഥാപിക്കുന്നതിന് പുതിയ ഭരണസമിതിയുടെ ഭാഗത്തു നിന്നും കാര്യമായ ഇടപെടലുണ്ടാകുന്നില്ലെന്ന് പരാതിയുണ്ട്. 

നിരവധിപേര്‍ സന്ധ്യയോടെ പാലത്തില്‍ നിന്ന് തീരത്തിന്‍റെ മനോഹാരിത ആസ്വദിക്കാന്‍ കുടുംബങ്ങളോടെ എത്തുമായിരുന്നു. ഇരുട്ടു വീണു കഴിഞ്ഞാല്‍ ഇപ്പോള്‍ പാലവും പരിസര പ്രദേശങ്ങളും സാമൂഹ്യ വിരുദ്ധര്‍ കൈയ്യടക്കും. ഇവരെ ഭയന്ന് അധികമാരും ഇപ്പോള്‍ ഇവിടേക്ക് വരാറില്ല. lതൃക്കുന്നപ്പുഴ പോലീസിന്‍റെ പരിധിയിലാണ് കായലും കൊച്ചിയുടെ ജെട്ടി പാലവും. പോലീസ് സ്‌റ്റേഷന്‍ ഇവിടെ നിന്ന് 13 കിലോമീറ്ററോളം അകലെയാണ്. അതിനാല്‍ എപ്പോഴും അവര്‍ക്ക് എത്താന്‍ കഴിയില്ല. പരിഹാരമായി വലിയഴീക്കലില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനും ഇതുവരെ നടപ്പിലായില്ല. തൊട്ടടുത്തുളള കനകക്കുന്ന് പോലീസിന്‍റെ പരിധിയിലാണ് പാലത്തിന്‍റെ കിഴക്കേക്കര. ഇവിടം കഞ്ചാവ് ലോബിയുടെ കേന്ദ്രമാണെന്നാണ് നാട്ടുകാര്‍ ആരോപിച്ചു.