കാഞ്ഞിരപ്പള്ളി പാറക്കടവിലുള്ള ഈസയെന്നയാളുടെ വീട്ടില്‍ റീഡിങ് എടുക്കുന്നതിനിടെയാണ് അഖിലിന് മര്‍ദ്ദനമേറ്റത്. റീഡിങെടുത്ത ഉടന്‍ തന്നെ ഈസയും മകനും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നെന്ന് അഖില്‍ പറയുന്നു. ഈ മാസവും കറണ്ട് ബില്‍ കൂടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. റീഡിങ് മെഷീന്‍ വലിച്ച് പറിക്കാന്‍ ശ്രമിക്കുന്നതിനിടെ കഴുത്തിന് പരുക്കേറ്റു. തുടര്‍ന്ന് കല്ലുവെച്ച് ഇടിക്കുകയും ചെയ്തു. പരുക്കേറ്റ അഖിലിനെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റീഡിംഗ് മെഷീന്‍റെ തകരാര്‍ മൂലം കഴിഞ്ഞ തവണ ഈസക്ക് വൈദ്യുതി ബില്ലില്‍ മൂവായിരം രൂപയുടെ വര്‍ദ്ധന ഉണ്ടായിരുന്നു. കെ.എസ്.ഇ.ബിയില്‍ പരാതി നല്‍കിയതോടെ ഈ തുക കുറച്ച് നല്‍കി. ഇത്തവണയും തനിക്ക് ബില്ലിലെ തുക കൂടുതലാണെന്ന് പറ‍ഞ്ഞായിരുന്നു ഈസ അഖിലിനെ മര്‍ദ്ദിച്ചത്. സംഭവത്തെക്കുറിച്ച് കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.