പിന്‍കാലുകള്‍ ചിതല്‍പ്പുറ്റില്‍ കുടുങ്ങിയ ആനക്കുട്ടിക്ക് ദാരുണാന്ത്യം. ചിതല്‍പ്പുറ്റിന്റെ താഴെയുള്ള കുഴിയില്‍ വീണ അനക്കുട്ടി പുറത്തു കടക്കാനാകാതെയാണ്് മരണത്തിന് കീഴടങ്ങിയത്. കംബോഡിയയിലെ കെയോ സെയ്മ വന്യജീവി സാങ്കേതത്തിലാണ് ആനക്കുട്ടി ചെരിഞ്ഞത്. സംഭവം നടന്നത് ഉള്‍ക്കാട്ടിനായതിനാല്‍ വനപാലകര്‍ അറിയാനും ആനക്കുട്ടിയെ രക്ഷിക്കാനും വൈകിപ്പോയി. അതേസമയം ആനക്കൂട്ടം കുട്ടിയാനയെ രക്ഷപ്പെടുത്താനായി ശ്രമിച്ചതിന്റെ ലക്ഷണങ്ങളും പ്രദേശത്ത് ഉണ്ടായിരുന്നു.ആനക്കൂട്ടം ചവിട്ടി മെതിച്ചതോടെ മണ്ണ് കൂടുതല്‍ ഉറച്ച് പോയതുകൊണ്ടാവാം ആനക്കുട്ടിക്ക് തിരിച്ച് കയറാന്‍ സാധിക്കാതിരുന്നതെന്ന് വനപാലകര്‍ സംശയിക്കുന്നു.

പിന്‍കാലുകള്‍ രണ്ടും പൂര്‍ണമായും കുഴിയില്‍ കുടുങ്ങിയ നിലയിലായിരുന്നു ആനക്കുട്ടി. മുന്‍കാലുകള്‍ മുകളില്‍ ചവിട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച് പരാജയപ്പെട്ട നിലയിലായിരുന്നു കുട്ടിയാന കിടന്നിരുന്നത്. ക്ഷീണവും നിര്‍ജ്ജലികരണവുമാണ് ആനക്കുട്ടിയുടെ മരണത്തിന് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.

കാട്ടില്‍ വിറക് എടുക്കാന്‍ വന്നവരാണ് ആനക്കുട്ടിയെ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ആനയെ പിടിക്കാന്‍ വേണ്ടി കുഴിച്ച കുഴിയാണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ചിതല്‍പ്പുറ്റിന്റെ താഴെയുള്ള കുഴിയാണെന്ന് മനസ്സിലായത്. 

പിന്‍കാലുകള്‍ക്ക് കാര്യമായ പരിക്കില്ലായിരുന്നു. അതിനാല്‍ തന്നെ കുറച്ച് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ആനക്കുട്ടിയെ സരക്ഷിക്കാമായിരുന്നുവെന്ന് വനപാലകര്‍ പറഞ്ഞു. ഒരു മാസം മാത്രം പ്രായമുള്ള ആനക്കുട്ടിയാണ് ചെരിഞ്ഞത്. വനനശീരണവും വേട്ടയാടലും മൂലം ഇവിടെ ആനകള്‍ കുറഞ്ഞു വരികയാണ്. 500 ല്‍ താഴെ ആനകള്‍ മാത്രമാണ് കംബോഡിയ വനത്തിലുള്ളത്.