തിരുവനന്തപുരം: ശബരിമല വലിയാനവട്ടത്ത് കാട്ടാന ചരിഞ്ഞത് പ്ലാസ്റ്റിക് മാലിന്യം ഉള്ളില്‍ ചെന്നെന്ന് വനം വകുപ്പ്. മാലിന്യം നീക്കുന്നതില്‍ ദേവസ്വംബോർഡ് വീഴ്ച വരുത്തിയെന്ന് കാട്ടി നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് വനംവകുപ്പിന്റെ തീരുമാനം. മകരവിളക്ക് കഴിഞ്ഞ് നട അടച്ച ദിവസം തന്നെ മാലിന്യസംസ്കരണ പ്ലാന്‍റുകളുടെ പ്രവർത്തനം നിന്നു.

ഇതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകളും കുപ്പികളും പഴച്ചാറുകള്‍ നിറക്കുന്ന ടെട്രാപാക്കുകളും സ്ഥലത്ത് ചിതറികിടക്കുകയാണ്. തിരക്ക് ഒഴിഞ്ഞതോടെ കാട്ടാനകൂട്ടം പ്ലാന്‍റിലെത്തി ഇവകഴിച്ചുതുടങ്ങി. ഇത്തരത്തില്‍ പ്ലാസ്റ്റികം മാലിന്യം ഉള്ളില്‍ ചെന്നാണ് കാട്ടനചരിഞ്ഞതെന്ന് ഉദ്യോഗസ്ഥർപറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇത് സ്ഥിരീകരിക്കുന്നുണ്ട്.

മാലിന്യം നീക്കം ചെയ്യുന്നതില്‍ ബോർഡ് വീഴ്ചവരുത്തിയെന്ന് കാട്ടി വനം വകുപ്പ് ശബരിമല സ്പെഷ്യല്‍ കമ്മിഷണർക്ക് കത്ത് നല്‍കി. പത്ത് ദിവസത്തിനകം മാലിന്യം പൂർണമായും മാറ്റണമെന്നകാണിച്ച് ദേവസ്വംബോർഡിന് നോട്ടിസ് അയച്ചിടുണ്ട്.