വയനാട് വന്യജീവി സങ്കേതത്തില്‍ റോഡരികില്‍ വച്ച് കാട്ടാന വെടിയേറ്റ് ചെരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതിയെ വനംവകുപ്പ് അറസ്റ്റു ചെയ്തു. പുല്‍പള്ളി സ്വദേശി കുളത്തിങ്കല്‍ ഷാജിയാണ് പിടിയിലായത്.

അഞ്ചു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രധാന പ്രതിയായ കുളത്തിങ്കല്‍ ഷാജി പിടിയിലായത്. ഇന്നലെ, വൈകിട്ട് ബത്തേരി - മുത്തങ്ങ റോഡിലെ നായ്ക്കട്ടിയില്‍ വച്ചാണ് വനംവകുപ്പ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാള്‍ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. വന്യജീവി സങ്കേതത്തോടു ചേര്‍ന്ന് രണ്ട് റിസോര്‍ട്ടുകള്‍ ഷാജി നടത്തുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്. വന്യമൃഗവേട്ടയ്ക്കിടെ കഴിഞ്ഞ ജൂലൈയില്‍ വനംവകുപ്പ് അറസ്റ്റു ചെയ്ത സംഘത്തിലെ ഷംജാദ് ഈ കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, വെടി വെയ്ക്കാനുള്ള തോക്ക് നല്‍കുകയും കൊലയ്ക്ക് കൂട്ടു നില്‍ക്കുകയും ചെയ്ത ചുണ്ടാട്ട് ബേബി, കൃത്യത്തിനു ശേഷം തോക്ക് സൂക്ഷിച്ച വടക്കനാട് സ്വദേശി ഷാജി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസില്‍ മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് വനംവകുപ്പ് പറയുന്നു.>