കണ്ണൂര്‍: കണ്ണൂര്‍ കേളകത്ത് യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു.അടക്കാത്തോട് നരിക്കടവ് സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്.ജനവാസകേന്ദ്രത്തിലെത്തിയ ഒറ്റയാനെ ഓടിക്കുന്നതിനിടെയാണ് അപകടം. ആറളം വന്യജീവി സങ്കേതത്തോട് ചേര്‍ന്ന നരിക്കടവിലെ ജനവാസകേന്ദ്രത്തിലാണ് ഒറ്റയാന്റെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി തോട്ടത്തിലെത്തി കൃഷി നശിപ്പിച്ച കാട്ടാനയെ കാട്ടിലേക്ക് തുരത്താന്‍ ഇറങ്ങിയതായിരുന്നു ബിജു.

ആദ്യം പടക്കമെറിഞ്ഞ് ചീങ്കണ്ണിപ്പുഴയുടെ തീരത്തേക്ക് ആനയെ ഓടിച്ചു.പിന്നെയും പടക്കമെറിയാന്‍ പോയപ്പോഴാണ് ആന ചീറിയടുത്തത്.കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്കൊപ്പം ബിജുവും തിരിഞ്ഞോടി.എന്നാല്‍ മരത്തടിയില്‍ തട്ടിവീണ ബിജുവിനെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തിയ ഒറ്റയാന്‍ നെഞ്ചിന് ചവിട്ടി.കേളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പ്രദേശത്ത് ആനശല്യം രൂക്ഷമാണെന്നും വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്നും ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.കേളകം ,കൊട്ടിയൂര്‍,കണിച്ചാര്‍ പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍ നടത്തി.ആറളം,കേളകം മേഖലകളില്‍ വനംവകുപ്പ് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കമ്പിവേലികള്‍ കാട്ടാനകള്‍ തകര്‍ക്കുന്നത് നിത്യസംഭവമാണ്. കൂട്ടത്തോടെയെത്തുന്ന കാട്ടാനകള്‍ ആളുകളുടെ ജീവനെടുക്കുന്നത് തുടര്‍ന്നിട്ടും നഷ്‌ടപരിഹാരം പോലും നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നാമ് നാട്ടുകാര്‍ ആരോപിക്കുന്നത്.