പ്രളയത്തിൽ തകർന്ന ഇടുക്കി ആനക്കുളത്തെ ഉരുക്കുവട വേലി പുനസ്ഥാപിക്കാത്തതിനാൽ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. മലവെള്ളപ്പാച്ചിലിൽ തൂണുകൾ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞതാണ് വേലി തകർത്തത്. കാലുകൾ സ്ഥാപിച്ചതിലെ അപാകതയാണ് വേലിതകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

ഇടുക്കി: പ്രളയത്തിൽ തകർന്ന ഇടുക്കി ആനക്കുളത്തെ ഉരുക്കുവട വേലി പുനസ്ഥാപിക്കാത്തതിനാൽ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷം. മലവെള്ളപ്പാച്ചിലിൽ തൂണുകൾ ഒഴുക്കിൽപ്പെട്ട് ചരിഞ്ഞതാണ് വേലി തകർത്തത്. കാലുകൾ സ്ഥാപിച്ചതിലെ അപാകതയാണ് വേലി തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.

വനം വകുപ്പ് അഞ്ച് മാസം മുമ്പ് 50 ലക്ഷം രൂപ ചെലവിട്ടാണ് ആനക്കുളത്ത് ഉരുക്കുവട വേലി നിർമിച്ചത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടൊണ് സൗരോർജവേലിയ്ക്ക് പകരം ക്രാഷ് ഗാ‍ർഡ് റോപ്പ് ഫെൻസിംഗ് പരീക്ഷിച്ചത്. സംസ്ഥാനത്ത് ആദ്യമായിരുന്നു ഈ പദ്ധതി. ഇതോടെ വന്യമൃഗങ്ങളുടെ ശല്യം കുറഞ്ഞു. എന്നാൽ ഓഗസ്റ്റിലെ പ്രളയത്തിൽ വേലി തകർന്നു. വെള്ളത്തിന്‍റെ ശക്തമായ ഒഴുക്കിൽ വേലി താങ്ങി നിർത്തിയ തൂണുകൾക്ക് അടിയിലെ കോൺക്രീറ്റ് ഇളകിപ്പോയതാണ് വേലി തകർത്തത്.

ആനക്കുളത്ത് ഒന്നേകാൽ കിലോമീറ്റർ ദൂരത്തിലാണ് ഉരുക്കുവട വേലി. വേലി തകർന്നതോടെ ആനക്കുളത്തെ ഓരുവെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടം റോഡിലും കൃഷിയിടങ്ങളിലുമെത്തി ഭീതി വിതയ്ക്കുകയാണ്. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഉരുക്കുവടത്തിന് തകരാർ സംഭവിക്കാത്തതിനാൽ തൂണുകൾ പുനർനിർമിച്ച് വേലി പുനസ്ഥാപിക്കാനുള്ള നടപടികൾ ഊർജികമാക്കിയതായി വനം വകുപ്പ് അറിയിച്ചു.