പൂനെ: പിതാവിന്റെ കൈയ്യില്‍ നിന്ന് വഴുതി ചൂട് വെള്ളത്തില്‍ വീണ് പതിനൊന്ന് ദിവസം പ്രായമായ ആണ്‍കുഞ്ഞിന് ഗുരുതര പൊള്ളലേറ്റു. എണ്ണ തേച്ച് , വെയില്‍ കൊള്ളിക്കാനായി പിതാവിന്റെ കയ്യില്‍ ഏല്‍പിച്ച് മാതാവ് അടുക്കളയിലേയ്ക്ക് പോയ സമയത്താണ് ദാരുണ സംഭവം. പൂനെ സ്വദേശിയായ മുഹമ്മദ് സാജിര്‍ ഷെയ്ഖിന്റെ അഞ്ചാമത്തെ കുഞ്ഞാണ് എണ്‍പത് ശതമാനത്തിലേറെ പൊള്ളലുമായി ആശുപത്രിയില്‍ മരണത്തോട് മല്ലടിക്കുന്നത്. 

കുട്ടിയെ കുളിപ്പിക്കാനായി ചൂടാക്കാനിട്ട വെള്ളം വച്ച് ബക്കറ്റ് ബാത്ത്റൂമിലേയ്ക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സാജിര്‍ ഷെയ്ഖിന്റെ കയ്യിലിരുന്ന കുഞ്ഞ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണത്. ബക്കറ്റില്‍ നിന്ന് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടയില്‍ പിതാവിനും പൊള്ളലേറ്റു. കുഞ്ഞിന്റെ മേല്‍ തണുത്ത വെള്ളമൊഴിച്ചെങ്കിലും പൊള്ളലിന്റെ കാഠിന്യം കുറയ്ക്കാന്‍ സാധിച്ചില്ല. 

ബീഹാര്‍ സ്വദേശിയായ സാജിര്‍ ഷെയ്ഖ് 13 വര്ഷമായി പൂനെയില്‍ താമസമാണ്. പൂനെയില്‍ അറബി അധ്യാപകനാണ് സാജിര്‍ ഷെയ്ഖ്. പൂനെയിലെ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് കുട്ടി.