Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ എഞ്ചിനീയറിങ് വിസ്മയക്കാഴ്ചകള്‍; 'ഇലെക്‌സ് 2017' ശ്രദ്ധേയമാവുന്നു

elex electrical engineering exhibition organised by kel
Author
First Published Dec 14, 2017, 6:07 PM IST

കൊച്ചി: വ്യവസായ വകുപ്പിന് കീഴിലുള്ള കേരളാ ഇലക്ട്രിക്കല്‍ ആന്റ് അലൈഡ് എഞ്ചിനീയറിങ് കമ്പനി (കെല്‍) സംഘടിപ്പിക്കുന്ന ഇലെക്‌സ് 2017 പ്രദര്‍ശനം വെള്ളിയാഴ്ച സമാപിക്കും. ഇലക്ട്രിക്കല്‍ അനുബന്ധ മേഖലകളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികളെ അണിനിരത്തി സംഘടിപ്പിച്ചിരിക്കുന്ന പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.

elex electrical engineering exhibition organised by kel

ഐ.എസ്.ആര്‍.ഒ, കൊച്ചി മെട്രോ, കിന്‍ഫ്ര, അനെര്‍ട്ട്, കെല്‍ട്രോണ്‍, കൊച്ചിന്‍ ഷിപ് യാര്‍ഡ്, ട്രാക്കോ കേബിള്‍സ്, തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം സീമെന്‍സ്, ഹിറ്റാച്ചി, കൊബാക്, ക്രോംപ്ടണ്‍ ഗ്രീവ്സ്, ക്യു  വേവ്, നവാള്‍ട്ട്, ഫിനോലക്‌സ് തുടങ്ങി നിരവധി സ്വകാര്യ പ്രമുഖ കമ്പനികളുടെ ഉത്പന്നങ്ങളും  പ്രദര്‍ശനത്തിലുണ്ട്. വൈദ്യുത വിതരണം, എല്‍.ഇ.ഡി ലൈറ്റ്, ട്രാന്‍സ്ഫോര്‍മര്‍, സോളാര്‍ പാനല്‍, ഗാര്‍ഹിക വൈദ്യുത ഉപകരണങ്ങള്‍, വാണിജ്യ നിര്‍മ്മാണ വസ്തുക്കള്‍, സ്റ്റീല്‍ തുടങ്ങിയ രംഗങ്ങളില്‍ നിന്നുള്ള കമ്പനികളാണ് പങ്കെടുക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഈ മേഖലയിലെ പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം. രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ ഉപഗ്രഹ വിക്ഷേപണ വാഹനങ്ങളുടെയും ആദ്യ ഉപഗ്രഹമായ ആര്യഭട്ട മുതലുള്ളവയുടെയും മാതൃകകള്‍ ഐ.എസ്.ആര്‍.ഒയുടെ പവലിയനിലുണ്ട്. വിവിധ തരത്തിലുള്ള കപ്പലുകളെയും സമുദ്ര സുരക്ഷ, കപ്പല്‍-ചരക്ക് ഗതാഗതം തുടങ്ങിയവയുടെയൊക്കെ സമഗ്ര ചിത്രം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഇലെക്‌സില്‍ സജ്ജമാക്കിയിട്ടുണ്ട്. ഭാവി സാധ്യതയായി വിലയിരുത്തപ്പെടുന്ന സോളാര്‍ പവര്‍ ഉപകരണങ്ങളുടെ വിപുലമായ ശേഖരം തന്നെയുണ്ട് പ്രദര്‍ശനത്തില്‍. സെല്ലുകള്‍, പാനലുകള്‍ എന്നിങ്ങനെ തുടങ്ങി സോളാര്‍ ഓട്ടോറിക്ഷകളും കാറുകളും വരെ വിവിധ കമ്പനികള്‍ സന്ദര്‍ശകര്‍ക്കായി പരിചയപ്പെടുത്തുന്നു. ട്രാന്‍സ്ഫോര്‍മറുകള്‍, കേബിളുകള്‍, പമ്പുകള്‍ വൈദ്യുത സുരക്ഷാ ഉപകരണങ്ങള്‍, വൈദ്യതി ഉല്‍പ്പാദന-പ്രസരണ ശൃംഖല എന്നിവയെല്ലാം ഇലെക്‌സില്‍ അടുത്തറിയാം. കെഎസ്ഇബിയുടെ സ്മാര്‍ട്ട് സേവനങ്ങളും പരിചയപ്പെടാം. 
elex electrical engineering exhibition organised by kel

വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളും പ്രവര്‍ത്തനവും അടുത്തറിയാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഇലെക്‌സ് 2017. മറ്റ് സംസ്ഥാനങ്ങളിലെ സ്വകാര്യ കമ്പനികള്‍ക്ക് ഉള്‍പ്പെടെ ഈ സ്ഥാപനങ്ങളെ പരിചയപ്പെടാനാകുമെന്നതിനാല്‍ ഭാവിയിലേക്കുള്ള വലിയ വിപണന സാധ്യതകളും സംഘാടകരുടെ ലക്ഷ്യമാണ്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് അനുബന്ധ രംഗങ്ങള്‍ക്ക് മാത്രമായി സംസ്ഥാന സര്‍ക്കാറിന്റെ ആശിര്‍വാദത്തോടെ സംഘടിപ്പിക്കപ്പെടുന്ന ആദ്യത്തെ സംരംഭം കൂടിയാണ് ഇലെക്‌സ് 2017.  പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇത്തരത്തിലുള്ള പരസ്‌പര സഹകരണത്തിലൂടെ സംസ്ഥാനത്തിന് വലിയ നേട്ടങ്ങളുണ്ടാക്കാനാവുമെന്ന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അഭിപ്രായപ്പെട്ടു.
elex electrical engineering exhibition organised by kel

പവറിങ് ഫ്യൂച്ചര്‍ കേരള എന്ന സന്ദേശമുയര്‍ത്തുന്ന അഞ്ച് ടെക്നിക്കല്‍ സെമിനാറുകളും പ്രദര്‍ശനത്തിന് സമാന്തരമായി നടക്കുന്നുണ്ട്. സാങ്കേതിക വിദ്യ, ഊര്‍ജ്ജ എഫിഷ്യന്‍സി, സ്മാര്‍ട്ട് ഗ്രിഡ്, സോളാര്‍ സംവിധാനങ്ങള്‍, എന്നിങ്ങനെയുള്ള വിഷയങ്ങളിലൂന്നിയായിരിക്കും സെമിനാറുകള്‍. സാങ്കേതിക-വ്യവസായ രംഗങ്ങളില്‍ നിന്നുള്ളവര്‍ക്കും എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്രദമാണ് സെമിനാറുകള്‍. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കാനുള്ള മത്സരവും ഇലെക്‌സിന്റെ ഭാഗമായുണ്ട്. രാജ്യത്തെ മൂന്ന് പ്രമുഖ ഇവന്റ് മാനേജ്മെന്റ് കമ്പനികളുടെ കണ്‍സോര്‍ഷ്യമായ എസ്.പി.ബി അസോസിയേറ്റ്സിന്റെ  നേതൃത്വത്തിലാണ് ഇലെക്‌സ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്.
elex electrical engineering exhibition organised by kel

Follow Us:
Download App:
  • android
  • ios