വാഷിങ്ടണ്‍: സ്പേസ് എക്സ് റോക്കറ്റില്‍ ബഹിരാകാശത്തെത്തിച്ച ടെസ്ല റോഡ്സ്റ്റര്‍ എന്ന കാര്‍ ഭൂമിയില്‍ തന്നെ പതിക്കാന്‍ സാധ്യതയുള്ളതായി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. സ്വകാര്യ ബഹിരാകാശ ഏജന്‍സിയാണ് ടെസ്ല റോഡ്സ്റ്ററിനെ ബഹിരാകാശത്തെത്തിച്ചത്. എന്നാല്‍ കാറിന്‍റെ ഗതിമാറിപ്പോയതായി അന്നു തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
എന്നു കരുതി പേടിക്കാനൊന്നുമില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ കാര്‍ അടുത്ത പത്ത് ലക്ഷം വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാല്‍ ഇത് ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആറ് ശതമാനമാണെന്നും അതേസമയം തന്നെ കാര്‍ ശുക്രനില്‍ പതിക്കാന്‍ 2.5 ശതമാനം സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്. ഇരു ഗ്രഹത്തിന്‍റെയും ഉപരിതലത്തില്‍ എത്തുന്നതിനു മുമ്പുതന്നെ കാര്‍ കത്തിനശിച്ചുപോകാനും സാധ്യതയുള്ളതായും നിഗമനമുണ്ട്.
പ്രീ പ്രിന്‍റ് സൈറ്റായ ആര്‍ക്സിവിലാണ് ഇവരുടെ നിഗമനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. റോയല്‍ അസ്ട്രോമിക് സൊസൈറ്റിയുടെ നോട്ടീസില്‍ പ്രസിദ്ധീകരിക്കാനുള്ളതാണ് ഈ വിവരങ്ങള്‍. ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റാണ് സ്പേസ് എസ്ക് സ്ഥാപകന്‍ എലന്‍ മസ്കിന്‍റെ ഇലക്ട്രിക് കാര്‍ ടെസ്ല റോഡ്സ്റ്റര്‍ ബഹിരാകാശത്തെത്തിച്ചത്. ഫെബ്രുവരി ആറിനായിരുന്നു ചരിത്രപരമായ സംഭവം നടന്നത്.
