കാഞ്ഞാര്‍: ഭര്‍ത്താവിനെയും പിഞ്ചു കുഞ്ഞുങ്ങളെയും ഉപേക്ഷിച്ചു ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം പോയ യുവതിക്കെതിരേ ജുവൈനല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരം പോലീസ്‌ കേസെടുത്തു. കാഞ്ഞാര്‍ കൈപ്പ ഉപ്പിടുപാറയില്‍ രമേശിന്റെ ഭാര്യ നിഷ (28) യെ തൃശൂര്‍ റെയില്‍വേ പോലീസ്‌ പിടികൂടിയിരുന്നു. ഏഴു മാസം മുന്‍പ്‌ ഫോണിലൂടെ പരിചയപ്പെട്ട യുവാവിന്റെ കൂടെ ഒളിച്ചോടിയ ഇവരെ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണു പോലീസ്‌ പിടികൂടിയത്‌. 

നേരത്തെ ഇവരെ പോലീസ്‌ വിളിച്ചു വരുത്തി കൗണ്‍സിലിങ്‌ നടത്തി, ഫോണും വാങ്ങിവച്ച്‌ പറഞ്ഞുവിട്ടിരുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ്‌ ഭര്‍ത്താവ്‌ പുറത്തുപോയി വന്നപ്പോള്‍ ഫോണില്‍ മറ്റു രണ്ടു യുവാക്കളുമായി യുവതി സംസാരിക്കുന്നതു കണ്ടു. ഇതുസംബന്ധിച്ച്‌ വഴക്കുണ്ടാകുകയും യുവതി പിണങ്ങിപ്പോവുകയും ചെയ്‌തു. തുടര്‍ന്നു ഭര്‍ത്താവ്‌ പോലീസില്‍ പരാതി കൊടുക്കുകയും യുവതിയുമായി ഫോണില്‍ സംസാരിച്ച യുവാക്കളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്‌തു. 

ഇവര്‍ക്ക്‌ ഫോണ്‍ വഴിയുള്ള ബന്ധം മാത്രമേ യുവതിയുമായുള്ളെന്നു യുവാക്കള്‍ പോലീസിനോട്‌ പറഞ്ഞു. കഴിഞ്ഞദിവസം യുവതി ഇതില്‍ ഒരു യുവാവിനെ വിളിച്ചു തമിഴ്‌നാടിനു പോകുകയാണെന്നു പറഞ്ഞു. ഈ വിവരം യുവാവ്‌ പോലീസില്‍ പറയുകയും, സൈബര്‍ സെല്ലിന്റെ സഹായത്തോടെ യുവതിയുടെ മൊബൈല്‍ നമ്പര്‍ നിരീഷിച്ചാണു യുവതി തൃശൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ ഉള്ളതായി കണ്ടെത്തി. 

റെയില്‍വേ പോലീസുമായി ബന്ധപ്പെട്ട്‌ കാഞ്ഞാര്‍ അഡീഷണല്‍ എസ്‌.ഐ: പി.എന്‍. ഷാജി, സീനിയര്‍ സി.പി.ഒ. ബിനോയി, വനിതാ പി.സി.ഒ. ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ യുവതിയെ കസ്‌റ്റഡിയിലെടുത്തു. 

കുട്ടികളെ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കളുടെ പേരില്‍ കേസെടുക്കണമെന്ന ജുവൈനല്‍ ജസ്‌റ്റിസ്‌ ആക്‌ട്‌ പ്രകാരം യുവതിയുടെ പേരില്‍ കേസെടുത്ത്‌ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.