മൃതദേഹം കിട്ടിയ സ്ഥലത്ത് തന്നെ കൂടുതല്‍ തെളിവുകളുണ്ടാകുമെന്ന് റഷ്യക്കാരിയായ ഒരു ജ്യോതിഷി പറഞ്ഞതനുസരിച്ച് കൂടിയാണ് എല്‍സയുടെ പരിശോധന

തിരുവനന്തപുരം: ലിഗയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും സത്യം തെളിയുംവരെ ഇന്ത്യ വിട്ടുപോകില്ലെന്നും സഹോദരി എല്‍സ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്ത് എല്‍സ സ്വന്തം നിലക്ക് അന്വേഷണം നടത്തി. കൊലപാതക സാധ്യത അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. 

നിലവിലെ പോലീസ് അന്വേഷണത്തില്‍ എല്‍സക്ക് വിശ്വാസമില്ല. അതാണ് സ്വന്തം നിലക്കുള്ള പരിശോധനക്കിറങ്ങിയത്. വാഴമുട്ടത്തെ ആളൊഴിഞ്ഞ കായല്‍പ്രദേശത്ത് ഒരിക്കല്‍ കൂടിയെത്തി. കോവളത്തു നിന്നും വാഴമുട്ടത്തേക്കുള്ള വഴികളിലും പരിശോധിച്ചു. ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന നിലപാടാണ് സഹോദരിക്ക്.

മൃതദേഹം കിട്ടിയ സ്ഥലത്ത് തന്നെ കൂടുതല്‍ തെളിവുകളുണ്ടാകുമെന്ന് റഷ്യക്കാരിയായ ഒരു ജ്യോതിഷി പറഞ്ഞതനുസരിച്ച് കൂടിയാണ് എല്‍സയുടെ പരിശോധന. ഇവരുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു എല്‍സെയും ലിഗയുടെ സുഹൃത്ത് ആന്‍ഡ്രുവും കഴിഞ്ഞ ദിവസങ്ങളിലെല്ലാം സംസ്ഥാനത്തുടനീളം പരിശോധന നടത്തിയത്. 

മറ്റൊരാളുടെ സഹായമില്ലാതെ ഒരു വിദേശവനിതക്ക് വാഴമുട്ടത്തേക്ക് എത്താന്‍ കഴിയില്ല എന്ന് ലിഗയും പോലീസും ഉറച്ചുവിശ്വസിക്കുന്നു. അന്വേഷണത്തില്‍ എന്തുകൊണ്ടാണ് എല്‍സ അവിശ്വാസം പ്രകടിപ്പിക്കുന്നത് എന്നറിയില്ലെന്നാണ് പോലീസ് നിലപാട്. മൃതദേഹത്തില്‍ നിന്നും കിട്ടിയ ജാക്കറ്റും ചെരിപ്പും കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടും ലിഗയുടേതല്ലെന്ന് എല്‍സ സ്ഥിരീകരിച്ചിരുന്നു. പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് ശാസ്ത്രീയ പരിശോധനയിലൂടെയെ ഉറപ്പാക്കാനാകൂ. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഡിഎന്‍എ-ഫോറന്‍സിക് റിപ്പോര്‍ട്ടുകളും നാളെ ലഭിക്കും.