തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, പീടിയാട്രിക് തുടങ്ങിയ പല വിഭാഗങ്ങളുണ്ടെങ്കിലും അവയുടെ ഏകീകരണമില്ലാത്തതിനാല്‍ പലപ്പോഴും ചികിത്സയ്ക്ക് കാലതാമസമെടുക്കാറുണ്ട്. ഈ പോരായ്മകള്‍ പരിഹരിച്ച് ഇവയെല്ലാം ഏകോപിച്ചൊരു ചികിത്സാ സമ്പ്രദായം ലഭ്യമാക്കാനാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പുതുതായി തുടങ്ങുന്നത്. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിനാവശ്യമായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ ഉടന്‍ നിയമിക്കും. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പ്രവര്‍ത്തന സജ്ജമാമാകുന്നതോടെ ഒട്ടും കാലതാമസമില്ലാതെ രോഗികള്‍ക്ക് മികച്ച ചികിത്സ നല്‍കി രക്ഷിച്ചെടുക്കാനാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറ‍ഞ്ഞു.

മറ്റ് മെഡിക്കല്‍ കോളേജുകളിലും എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ഉടന്‍ തുടങ്ങുന്നതാണ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ പ്രധാന മെഡിക്കല്‍ കോളേജുകളില്‍ എല്ലാ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയര്‍ സംവിധാനമാണൊരുക്കുന്നത്. വിദേശ രാജ്യങ്ങളില്‍ വിജയിച്ച ട്രോമ കെയറാണ് ഇവിടേയും നടപ്പാക്കുന്നത്. 

എയിംസിലെ ഡോക്ടര്‍മാരുടെ സഹകരണത്തോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പുതിയ അത്യാഹിത വിഭാഗത്തില്‍ ട്രോമ കെയര്‍ സംവിധാനം ഒരുക്കിവരുന്നത്. ഇതിനായി അവരുടെ നേതൃത്വത്തില്‍ പരിശീലനങ്ങളും നല്‍കും. ചുവന്ന മേഖല, മഞ്ഞ മേഖല, പച്ച മേഖല എന്നിങ്ങനെ മൂന്ന് മേഖലകളാക്കി തിരിച്ചാണ് അത്യാഹിത വിഭാഗ ചികിത്സ ക്രമീകരിക്കുന്നത്. രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് വിവിധ മേഖലയിലേക്ക് തിരിച്ച് വിടുന്നു.
 
അതീവ തീവ്ര പരിചരണം ആവശ്യമുള്ള മേഖലയാണ് ചുവന്ന മേഖല. അത്ര ഗുരുതരമല്ലാത്ത രോഗികളെ ചികിത്സിക്കുന്ന മേഖലയാണ് മഞ്ഞ മേഖല. സാരമായ പ്രശ്‌നങ്ങളില്ലാത്ത രോഗികളെ പരിശോധിക്കുന്നതാണ് പച്ച മേഖല. ഓപ്പറേഷന്‍ തിയേറ്ററുകള്‍‍, തീവ്ര പരിചരണ വിഭാഗങ്ങള്‍, സ്‌കാനിംഗ് തുടങ്ങി വിവിധ പരിശോധനാ സംവിധാനങ്ങള്‍ എന്നിവയെല്ലാം ഇവിടെയുണ്ടാകും. 

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍റെ നേതൃത്വത്തില്‍ വിവിധ വകുപ്പു മേധാവികളുമായി ചര്‍ച്ച നടത്തിയാണ് എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന് അന്തിമ രൂപം നല്‍കിയത്. വിവിധ വിഭാഗങ്ങളിലെ സീനിയര്‍ റസിഡന്‍റുമാര്‍, ജൂനിയര്‍ റസിഡന്‍റുമാര്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവരെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ നിയോഗിക്കും.

കൂടാതെ 50 ഡോക്ടര്‍മാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവരെ നിയമിക്കാനായി പ്രൊപ്പോസലല്‍ സമര്‍പ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, ഫര്‍ണിച്ചറുകള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കായി 42 കോടി രൂപയുടെ പ്രൊപ്പോസലും സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. എത്രയും വേഗം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം പ്രവര്‍ത്തനസജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 

എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിന്‍റേയും ട്രോമ കെയര്‍ സംവിധാനത്തിന്‍റേയും നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. സന്തോഷ് കുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. കെ.വി. വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.