ഹവായ്: ശത്രു രാജ്യങ്ങളുടെ പെട്ടന്നുണ്ടാകുന്ന ആക്രമണങ്ങളില്‍ സാധാരണക്കാര്‍ക്ക് അപകടമുണ്ടാവരുതെന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച സന്ദേശ സംവിധാനത്തില്‍ നിന്നുണ്ടായ ഒരു പാളിച്ച അമേരിക്കയെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകളോളമാണ്. അമേരിക്കയിലെ പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രമായ ഹവായ് തീരത്തേക്ക് ഏത് സമയവും ബാലിസ്റ്റിക്ക് മിസൈലുകള്‍ പതിക്കാം , ഇതൊരു തെറ്റായ സന്ദേശമോ മോക് ഡ്രില്ലോ അല്ലെന്നായിരുന്നു ശനിയാഴ്ച ഹവായ് ദ്വീപില്‍ ലഭിച്ച സന്ദേശം.
ഉടന്‍ സുരക്ഷിതമായ ഇടങ്ങളിലേയ്ക്ക് മാറണമെന്നും സന്ദേശത്തില്‍ നിര്‍ദേശമുണ്ടാവുക ചെയ്തതോടെ കൈയ്യില്‍ കിട്ടിയതെടുത്ത് ജനം സുരക്ഷിത സ്ഥാനങ്ങള്‍ തേടി ഓട്ടമായി. വ്യാപകമായ രീതിയില്‍ സന്ദേശം സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെ അധികൃതരും ആശങ്കയിലായി.
സന്ദേശത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിച്ച് ഉദ്യോഗസ്ഥര്‍ തിരുത്തിയപ്പോഴേയ്ക്കും ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലെത്തിയിരുന്നു. അധികം കഴിയാതെ തന്നെ ഹവായ് ഗവർണറുടെ ക്ഷമാപണം എത്തി. ഒരു സർക്കാർ ഉദ്യോഗസ്ഥൻ വരുത്തിയ പിഴവിനെ തുടർന്നാണ് വ്യാജസന്ദേശം ജനങ്ങളുടെ മൊബൈലിലേക്ക് എത്തിയതെന്നായിരുന്നു വിശദീകരണം. എന്നാൽ ഈ പിഴവ് അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിശദമായി അന്വേഷിക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
