ലോക പരിസ്ഥിതി ദിനത്തില്‍ ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചുകൊണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സ് രംഗത്ത്. ഒരു തുള്ളി വെള്ളം പോലും ഉപയോഗിക്കാതെ ആഡംബര വിമാനമായ എയര്‍ബസ് എ 380 കഴുകിയാണ് പരിസ്ഥിതി ദിനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചത്.
ഒരു കാര്‍ കഴുകാന്‍ ലിറ്ററുകണക്കിന് വെള്ളം ചെലവഴിക്കുമ്പോഴാണ് എമിറേറ്റ്സ് ജീവനക്കാര്‍ ഒരുതുള്ളി ജലംപോലും ഉപയോഗിക്കാതെ ആഡംബര വിമാനമായ എയര്‍ബസ് 380 കഴുകിയെടുത്തത്. ഉയര്‍ന്നതോതില്‍ സാന്ദ്രീകരിക്കപ്പെട്ട പ്രത്യേക സംയുക്തം ഉപയോഗിച്ചാണ് വിമാനം കഴുകിയത്. പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദ്ദപരമാണ് ഈ ഡ്രൈവാഷ് ടെക്നോളജി.
വിമാനത്തിന്റെ ഗ്ലാസും ബോഡിയും ടയറും വൃത്തിയാക്കാനായി പ്രത്യേകം നിര്‍മ്മിച്ച ലായനികളുണ്ട്. ഈ ദ്രാവകം വിമാനത്തിനു മുകളിലേക്ക് ആദ്യം സ്‌പ്രേചെയ്യും.. ദ്രാവകത്തിലെ പ്രത്യേക രാസക്കൂട്ട് പെയിന്റിന് മുകളില്‍ പറ്റിയ പൊടിപടലങ്ങളെ വേര്‍തിരിച്ചെടുക്കുന്നു. ഉയര്‍ന്ന ഗുണനിലവാരമുള്ള മൈക്രോഫൈബര്‍ തൂവാല ഉപയോഗിച്ച് ഇവ തുടച്ചെടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. 15 ജീവനക്കാര്‍ 12 മണിക്കൂര്‍കൊണ്ടാണ് കൂറ്റന്‍ വിമാനം കഴുകിയെടുത്തത്. ഡ്രൈവാഷ് ടെക്നോളജി ഉപയോഗിക്കുകയാണെങ്കില്‍ വര്‍ഷത്തില്‍ മൂന്നുതവണ വിമാനം കഴുകിയാല്‍ മതിയാകും. 11.7 മില്യണ്‍ ലിറ്റര്‍ ജലം ഒരുവര്‍ഷം ഇതുമൂലം ലാഭിക്കുകയാണ് എമിറേറ്റ്സിന്റെ ലക്ഷ്യം.
