ഹരാരെ : സിംബാബ്‍വെയുടെ പുതിയ പ്രസിഡന്റായി എമ്മേഴ്‌സണ്‍ മുനന്‍ഗാഗ്വ ചുമതലയേറ്റു. ഹരാരെയില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് എമ്മേഴ്‌സണ്‍ സ്ഥാനമേറ്റത്. ചീഫ് ജസ്റ്റിസ് ലൂക് മലബ സത്യവാചകം ചൊല്ലിക്കൊടുത്തു. 37 വര്‍ഷത്തെ ഭരണത്തിന് ശേഷം സൈന്യത്തിന്റെ അട്ടിമറിയെ തുടര്‍ന്ന് റോബര്‍ട്ട് മുഗബെ രാജി വച്ചതാണ് എമ്മേഴ്‌സണ് പ്രസിഡന്റാവാന്‍ വഴിയൊരുങ്ങിയത്. നേരത്തെ വൈസ് പ്രസിഡന്റായിരുന്ന എമ്മേഴ്‌സണെ മുഗബെ പുറത്തായക്കിയതിനെത്തുടര്‍ന്ന് രാജ്യത്തിന്റെ നിയന്ത്രണം പട്ടാളം ഏറ്റെടുത്തിരുന്നു. പാര്‍ലമെന്റ് ഇംപീച്‌മെന്റ് നടപടികള്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് റോബര്‍ട്ട് മുഗബെ രാജി വച്ചത്. പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ റോബര്‍ട്ട് മുഗബെ പങ്കെടുത്തില്ല. 

വിദേശത്ത് ഒളിവിലായിരുന്ന മുനന്‍ഗാഗ്വ ബുധനാഴ്ചയാണ് ഹരാരെയില്‍ തിരിച്ചെത്തിയത്. തെരുവ് വീഥികള്‍ മുനന്‍ഗാഗ്വയുടെയും സേനാ മേധാവി കോണ്‍സ്റ്റാന്റിനോ ഷിവെംഗയുടെയും പോസ്റ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്. മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ഇരുപതിനായിരത്തിലേറെ പേര്‍ കൊല്ലപ്പെട്ട മുഗാബെ ഭരണം അവസാനിച്ച സന്തോഷത്തിലാണ് ജനം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം പുനര്‍നിര്‍മ്മിക്കുക എന്ന ഉത്തരവാദിത്തമാണ് മുനന്‍ഗാഗ്വയെ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് മുനന്‍ഗാഗ്വ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രായാധിക്യം മൂലം അവശനായ മുഗാബെ അധികാരം ഭാര്യ ഗ്രെയ്‌സിന് കൈമാറാന്‍ തീരുമാനിച്ചതോടെയാണ് പട്ടാള അട്ടിമറിയിലേക്ക് രാജ്യം നീങ്ങിയത്. അധികാരം ഏറ്റെടുത്ത സൈന്യം മുഗാബെയെ വീട്ടുതടങ്കിലാക്കിയതിന് പിന്നാലെ സാനുപി.എഫ് പാര്‍ട്ടി യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയെ പാര്‍ട്ടിയുടെ പ്രഥാമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും മുഗാബെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മുനന്‍ഗാഗ്വയെ തങ്ങളുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കുകയുമായിരുന്നു.