അപകടങ്ങള്‍ കൂടുന്നതിന്റെ കാരണം കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇത്തരമൊരു കണ്ടെത്തലില്‍ ബോര്‍ഡ് എത്തിയിരിക്കുന്നത്. 

ജീവനക്കാര്‍ക്ക് ആവശ്യത്തിന് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതാണ് അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കാരണമെന്ന് വൈദ്യുതി ബോര്‍ഡ്. അപകടങ്ങള്‍ കൂടുന്നതിന്റെ കാരണം കണ്ടുപിടിക്കുന്നതിനായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇത്തരമൊരു കണ്ടെത്തലില്‍ ബോര്‍ഡ് എത്തിയിരിക്കുന്നത്. 

വൈദ്യുതി അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ സംഘടനകള്‍ സംസ്ഥാനത്തുടനീളം സെമിനാറുകളും സുരക്ഷാ മാസവും മറ്റും സംഘടിപ്പിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ലൈന്‍മാന്മാര്‍ക്കും മേല്‍നോട്ടം വഹിക്കുന്നവര്‍ക്കും സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വിലയിരുത്തുന്നത്. 
മേല്‍നോട്ടത്തിന്റെ കുറവ് മൂലമാണ് അപകടങ്ങള്‍ പ്രധാനമായും സംഭവിക്കുന്നതെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ജീവനക്കാര്‍ സുരക്ഷാ ഉപകരണങ്ങള്‍ ഉപോഗിക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നു. 


ബോര്‍ഡിന്റെ ഉത്തരവനുസരിച്ച് ട്രാന്‍സ്‌ഫോര്‍മറിലും എച്ച് ടി ലൈനിലും പണി നടക്കുമ്പോള്‍ സബ് എഞ്ചിനീയരുടെ മേല്‍നോട്ടം ഉണ്ടാകണം. എല്‍ ടി ലൈന്‍ ആണെങ്കില്‍ ഓവര്‍സിയറാണ് മേല്‍നോട്ടം വഹിക്കണ്ടത്. എന്നാല്‍ പകല്‍ സമയം മാത്രമാണ് സബ് എഞ്ചിനീയരുടെ മേല്‍നോട്ടം ലഭിക്കാന്‍ ഇപ്പോള്‍ വ്യവസ്ഥ ഉള്ളത്. ഓവര്‍സിയറാകട്ടെ മിക്കപ്പോഴും ഫീല്‍ഡ് വര്‍ക്കിന് പോകാറും ഇല്ല. അതുകൊണ്ട് ലൈന്‍ പുനസ്ഥാപിക്കുന്നതിന് മിക്കപ്പോഴും ലൈന്‍മാന്‍മാരും വര്‍ക്കറും മാത്രമാണ് പോകുന്നത്.

നിലവിലുള്ള ഏറെ സങ്കീര്‍ണമായ വൈദ്യുതി ശൃംഖലയില്‍ പണി എടുക്കുന്നതിന് മതിയായ വിദ്യാഭ്യസ യോഗ്യത ഇല്ലെങ്കില്‍ അപകടമാണ്. ഹൈ-വോള്‍ട്ടേജ് ലോ-വോള്‍ട്ടേജ് ലൈനുകളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ഒരു സെക്ഷനിലൂടെ ഒന്നിലേറെ സബ്‌സ്റ്റേഷനുകളും ഒന്നിലേറെ ഫീഡറുകളും കടന്നു പോകുന്നു. ഇത് കൂടാതെ ജനറേറ്ററുകളില്‍ നിന്നും ഇന്‍വെര്‍ട്ടറുകളില്‍ നിന്നുമുള്ള വൈദ്യുതിയും സോളാര്‍ വൈദ്യുതിയും ലൈനിലേക്ക് കടന്നു വരുന്നു. ഇത്തരം സാഹചര്യത്തില്‍ വിദ്യാഭ്യാസ യോഗ്യതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് നിഷ്‌കര്‍ഷിക്കുന്ന ലൈസന്‍സും വിദ്യാഭ്യാസ യോഗ്യതയും സുരക്ഷാ പരിപാലനവുമാണ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഏക മാര്‍ഗം എന്നാണ് ബോര്‍ഡ് വിലയിരുത്തുന്നത്.