രാജ്യത്തെ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ പാര്‍പ്പിടങ്ങള്‍ക്കു വേണ്ട മാനദണ്ഡങ്ങള്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകരിച്ചു.
കിടക്കാനുള്ള മുറി, ഡൈനിംഗ് ഹാള്‍, ബാത്റൂം, അടുക്കള, എന്നിവയടക്കം 12 ചതുരശ്രമീറ്റര്‍ വിസ്‌തീര്‍ണമുള്ള താമസ സൗകര്യമാണ് ഒരു തൊഴിലാളിക്ക് എന്ന നിലക്ക് ഒരുക്കേണ്ടത്. ഉറങ്ങാനുള്ള മുറിക്കു ഒരു തൊഴിലാളിക്ക് നാലു ചതുരശ്രമീറ്റര്‍ എന്ന തോതില്‍ വിസ്തീര്‍ണമുണ്ടായിരിക്കണം. തൊഴിലാളികളുടെ താമസ കേന്ദ്രത്തിനടുത്തു പള്ളിയില്ലെങ്കില്‍ നമസ്‌കരിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്. തൊഴിലാളികള്‍ക്കു അത്യാവശ്യം വേണ്ട വസ്തുക്കള്‍ തൊഴിലുടമ നല്‍കുകയോ അല്ലങ്കില്‍ അതിനുള്ള പണം നല്‍കുകയോ വേണം.

ആഴ്ചയില്‍ രണ്ട് തവണ അടുക്കള, ടോയ്‌ലറ്റ്, ഡൈനിങ് ഹാള്‍ തുടങ്ങിയവ വൃത്തിയാക്കണമെന്നും നിബന്ധനയില്‍ പറയുന്നു. തൊഴിലാളികള്‍ക്കാവശ്യമായ പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ നിയമലംഘനം നടത്തുന്ന തൊഴിലുടമകള്‍ക്കു 1000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് ഇത് സംബന്ധിച്ചുള്ള നിയമത്തില്‍ പറയുന്നു. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കു പിഴയും കൂടും. നിയമ ലംഘനം കണ്ടെത്തുന്നതിനായി തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയങ്ങളുടെയും ആരോഗ്യ, മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സമിതികള്‍ ഓരോ മേഖലയിലും നിലവില്‍വരും.
ഈ സമിതികളാണ് പാര്‍പിടങ്ങളില്‍ പരിശോധന നടത്തുക.