കാസര്‍കോഡ്: കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ശ്രുതിക്ക് സര്‍ക്കാര്‍ പുതിയ കൃത്രിമ കാല്‍ നല്‍കി. കാലാവധി കഴിഞ്ഞ കൃത്രിമ കാല്‍ മാറ്റിവക്കാന്‍ കഴിയാത്തതിനാല്‍ ഇനി നടക്കാനാവില്ലെന്ന ശ്രുതിയുടെ സങ്കടം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി കെ.കെ. ഷൈലജയാണ് ശ്രുതിക്ക് പുതിയ കൃത്രമകാല്‍ നല്‍കാന്‍ ഉത്തരവിട്ടത്.

ഇതായിരുന്നു ശ്രുതിയുടെ സങ്കടം. എന്‍ഡോസള്‍ഫാന്‍ ദുരന്ത ഭൂമിയില്‍ നിന്ന് പ്രതിസന്ധികളെ മറികടന്ന് പഠിച്ച് മെഡിക്കല്‍ പഠനത്തിലേക്കെത്തിയ ഈ മിടുക്കിയുടെ ആവശ്യം കഴിഞ്ഞ ജൂണ്‍ 22നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി കെ.കെ. ഷൈലജ അപ്പോള്‍തന്നെ ശ്രുതിയെ വിളിച്ച് പ്രയാസപ്പെടേണ്ടെന്നും കൃത്രിമക്കാല്‍ സര്‍ക്കാര്‍ നല്‍കുമെന്നും അറിയിച്ചിരുന്നു. മന്ത്രി തന്നെ മുന്‍കൈയെടുത്തതോടെ ആധുനിക സൗകര്യങ്ങളോട് കൂടിയ കൃത്രിമകാലാണ് ശ്രുതിക്ക് കിട്ടിയത്. 

ആരോഗ്യമന്ത്രിതന്നെ നേരിട്ടുവന്ന് കൃത്രിമ കാല്‍ നല്‍കിയപ്പോള്‍ ശ്രുതിക്കും സന്തോഷം അടക്കാനായില്ല. പഠനത്തിനിടയില്‍ എന്താവശ്യങ്ങളുണ്ടെങ്കിലും അറിയിക്കണമെന്നും സഹായവുമായി സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടാകുമെന്നും ആരോഗ്യമന്ത്രി ശ്രുതിക്ക് ഉറപ്പുനല്‍കി.