കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പ്രസ്താവനയ്ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കെതിരെ എന്‍ഡോസള്‍ഫാന്‍ സമരസമിതി. സർക്കാർ തങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ഒരു മന്ത്രിക്ക് എങ്ങനെയാണ് സമരത്തിനെത്തിയ കുട്ടികളെ പ്രദർശന വസ്തുക്കൾ എന്ന് പറയാൻ സാധിക്കുകയെന്നും സമരസമിതി ചോദിച്ചു. സമരവുമായി മുന്നോട്ട് പോകും. ഇത് മനുഷ്യതരഹിതമായ നിലപാടെന്ന് സാമൂഹ്യപ്രവര്‍ത്തക ദയാഭായ് പറഞ്ഞു.
ഇന്നലെ ചർച്ച നടത്തിയ മന്ത്രി ഇന്ന് സമരം എന്തിനാണെന്ന് എങ്ങനെ ചോദിച്ചു. ഇങ്ങനെ കുറച്ചു പേർ ജീവിക്കുന്നുണ്ടെന്ന് ഈ ലോകം അറിയണം. സമരം കുട്ടികളെ പ്രദർശിപ്പിക്കലല്ല. നാളെ കൂടുതൽ അമ്മമാരും കുട്ടികളും സമരത്തിനെത്തുമെന്നും ദയാഭായ് പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിനെതിരെ വിമര്‍ശനവുമായി നേരത്തേ ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. കുട്ടികളെ പ്രദർശിപ്പിച്ചുള്ള സമരരീതി ശരിയല്ലെന്നും. സമരക്കാരുടെ ആവശ്യങ്ങൾ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, സെക്രട്ടേറിയേറ്റിനുമുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്‍റെ സമരം നാല് ദിവസം പിന്നിടുകയാണ്. അര്‍ഹരെ പട്ടികയില്‍പ്പെടുത്തുന്നതില്‍ തീരുമാനമാകാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സമരസമിതി. ഇന്നലെ സർക്കാർ വിളിച്ച ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.
നാളെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കടയാത്ര നടത്തുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. അർഹരായ മുഴുവൻ പേരെയും ഇരകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം. എൻഡോസൾഫാൻ ബാധിതരായ ഒന്‍പത് കുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തുമെന്നാണ് സമരസമിതി വ്യക്തമാക്കുന്നത്.

