കൊച്ചി: നടന്‍ ദിലീപിനെതിരെ ഫെമാ നിയമപ്രകാരം എന്‍ഫോഴ്‌സ് ഡയറക്ട്രേറ്റ് അന്വേഷണം തുടങ്ങി. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ശേഖരിച്ച് കൈമാറിയ രേഖകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതിനിടെ 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ പൊലീസ് പിടിച്ചെടുത്ത ടെമ്പോ ട്രാവലര്‍ കൊച്ചിയിലെത്തിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കൊച്ചിയിലെ ഓഫീസാണ് ദിലീപിന്റെ സ്വത്തുവിവരങ്ങളുടെ പരിശോധന തുടങ്ങിയിരിക്കുന്നത്. കൊച്ചി നഗരത്തില്‍മാത്രം 35 ഇടങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ വസ്തു ഇടപാടുകള്‍ അടുത്തകാലത്ത് നടത്തിയതിന്റെ രേഖകള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ചില വിദേശ അക്കൊണ്ടുകള്‍ വഴി ദിലീപിന് കേരളത്തിലേക്ക് പണമെത്തിയതും അതിന്റെ ശ്രോതസുമാണ് പരിശോധിക്കുന്നത്. 

ഇതില്‍ ചില സംശയങ്ങളുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ പറഞ്ഞു. ദിലീപിന്റെ വിദേശത്തുളള ഒരടുത്ത ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. വര്‍ഷങ്ങളായി വിദേശത്തുളള ഇയാള്‍ക്ക് കോടിക്കണക്കിന് രൂപ രാജ്യത്തെത്തിക്കാനും ഇടപാടുകള്‍ നടത്താനും കെല്‍പില്ലെന്നാണ് പ്രാഥമിക നിഗമനം. അങ്ങനെയെങ്കില്‍ വിദേശത്തുവെച്ച് ദിലീപിന് കൈമാറുന്ന പണം വിവിധ വഴികളിലൂടെ കേരളത്തില്‍ എത്തിക്കുന്നെന്നാണ് നിഗമനം. 

ഫെമാ നിയമപ്രകാരം നടപടികള്‍ തുടരാനാണ് എന്‍ഫോഴ്‌സ് മെന്റ് നീക്കം. നടിയെ ആക്രമിച്ച കേസിലെ പൊലീസ് അന്വേഷണങ്ങള്‍ക്ക് ശേഷം ദീലിപിന് മേല്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടിമുറുക്കും. ഇതിനിടെ 2011ല്‍ കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപാകാന്‍ ശ്രമിച്ച സംഭവത്തിലെ ടെന്‌പോട്രാവലര്‍ കൊച്ചി പൊലീസ് കണ്ടെത്തി. മുഖ്യപ്രതി സുനില്‍ കുമാറും സംഘവും നടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയത് ഈ വാഹനത്തിലായിരുന്നു. കേസില്‍ കസ്റ്റഡിയിലുളള നാലു പ്രതികളെ കുന്പളത്തെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പും നടത്തി.