പേരൂര്‍ക്കട: തിരുവനന്തപുരം അമ്പലമുക്ക് മണ്ണാടി ലൈനില്‍ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ അക്ഷയ് പോലീസ് സ്‌റ്റേഷനില്‍ പൊട്ടിക്കരഞ്ഞു. അന്വേഷണ സംഘത്തിനു മുന്നില്‍ ഒരു ഭാവവ്യത്യാസവുമില്ലാതെയാണ് അക്ഷയ് വിവരിച്ചത്. 

ഈ വെളിപ്പെടുത്തല്‍ രീതി അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ജയിലില്‍ അടയ്ക്കപ്പെടും എന്ന അവസരത്തില്‍ കാര്യങ്ങള്‍ മാറിയെന്നാണ് റിപ്പോര്‍ട്ട്. തെളിവെടുപ്പും വൈദ്യപരിശോധനയും പൂര്‍ത്തിയാക്കി റിമാന്‍ഡ് റിപ്പോര്‍ട്ടുമായി മജിസ്‌ട്രേറ്റിന്‍റെ വസതിയിലേയ്ക്കു പുറപ്പെട്ടപ്പോള്‍ താന്‍ ജയിലിലാകുമെന്നു മനസിലാക്കിയതിനെ തുടര്‍ന്നായിരുന്നു അക്ഷയുടെ ഭാവ മാറ്റം. 

ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ വിങ്ങിപ്പൊട്ടി. മുഖം പൊത്തി ഏങ്ങിക്കരഞ്ഞു, കുറ്റസമ്മതമൈല്ലാം നിഷേധിച്ചു. താന്‍ നിരപരാധിയാണ് എന്നും തനിക്കൊന്നുമറിയില്ല എന്നും പുലമ്പി. താന്‍ എല്ലാം പറഞ്ഞില്ലെ ഇനി എന്നെ വീട്ടുകൂടെ എനിക്കു വീട്ടില്‍ പോകണം എന്നു പറഞ്ഞ് ഇയാള്‍ പോലീസിനോട് കെഞ്ചുകയും ചെയ്തു. 

അമ്മയെ കത്തിച്ചതിനൊപ്പം അവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍, കൊലപാതകത്തിന് ഉപയോഗിച്ച ബെഡ് ഷീറ്റ്, ഹാളില്‍ കിടന്ന് മാറ്റ് തുടങ്ങിയവ അക്ഷയ് കത്തിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ നിറഞ്ഞ വീടും, അച്ഛനും അമ്മയും തമ്മിലുള്ള പിണക്കവും, അമ്മയുടെ തന്നിഷ്ടം നിറഞ്ഞജീവിതവുമാണു കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്നാണ് അക്ഷയുടെ വെളിപ്പെടുത്തല്‍.