നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു 16 പേര്‍ക്കെതിരേ മുട്ടം പോലിസ് കേസെടുത്തു
ഇടുക്കി: ഇടുക്കി മൂട്ടത്ത് എന്ജിനീയറിംഗ് കോളജിലെ വിദ്യാര്ഥികളും നാട്ടുകാരും തമ്മില് സംഘര്ഷം. സംഭവത്തില് നാല് വിദ്യാര്ഥികള്ക്ക് പരിക്കേറ്റു. ഇവര് ആശുപത്രിയില് ചികിത്സ തേടി. 16 പേര്ക്കെതിരേ മുട്ടം പോലിസ് കേസെടുത്തു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മുട്ടം കോടതി റോഡിലെ ഹോസ്റ്റലുകള് കേന്ദ്രീകരിച്ചാണ് സംഘര്ഷമുണ്ടായത്. മൂന്നാഴ്ച മുമ്പ് മുട്ടം പോളിടെക്നിക് ഗ്രൗണ്ടില് നിന്ന് ഫുട്ബോള് കളികഴിഞ്ഞ് മടങ്ങുന്നതിനിടെ വിദ്യാര്ഥികളും കളിക്കാനെത്തിയ നാട്ടിലെ യുവാക്കളും തമ്മില് ഏറ്റുമുട്ടിയിരുന്നു.
ഇതിന്റെ തുടര്ച്ചയെന്നോണം ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കോടതി കവലയില് വച്ച് ഏതാനും വിദ്യാര്ഥികളും നാട്ടുകാരായ യുവാക്കളും തമ്മില് വാക്കേറ്റം ഉണ്ടായി. സംഭവമറിഞ്ഞ് സമീപത്തെ ഹോസ്റ്റലുകളില് നിന്ന് കൂടുതല് വിദ്യാര്ഥികള് സംഘടിച്ചെത്തി നാട്ടുകാരായ യുവാക്കളെ നേരിട്ടു. പിന്വാങ്ങിയ യുവാക്കള് കൂടുതലാളുകളെ സംഘടിപ്പിച്ച് ഹോസ്റ്റലിലെത്തി.
ഹോസ്റ്റലിനുള്ളിലെത്തിയവര് കട്ടിലുള്പ്പെടെയുള്ള ഉപകരണങ്ങളും ബൈക്കുകളും മറ്റും അടിച്ച് തകര്ത്തതായി വിദ്യാര്ഥികള് പറഞ്ഞു. വടിയും കല്ലുമായെത്തിയാണ് വിദ്യാര്ഥികളാണ് അക്രമം അഴിച്ച് വിട്ടതെന്നാണ് യുവാക്കള് പറയുന്നത്. ഹോസ്റ്റലിനുള്ളില് നിന്നും മദ്യക്കുപ്പികളും കമ്പും കല്ലുകളും വലിച്ചെറിഞ്ഞതായും നാട്ടുകാര് ആരോപിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസുകാരാണ് ഇരു വിഭാഗത്തെയും പിന്തിരിപ്പിച്ചത്. സംഭവത്തില് നാട്ടുകാരായ ഷാനവാസ്, ഷെബീര്, ആഷിക്, മുനീര്, മാഹിന്, അയൂബ് എന്നിവര്ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് പത്ത് പേര്ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി മുട്ടം എസ്ഐ പറഞ്ഞു.
