മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നാല്‍ പെനാല്‍റ്റി എടുക്കേണ്ടവരുടെ പട്ടിക നേരത്തെ തയ്യാറാക്കി

പെനാല്‍റ്റി ഷൂട്ടൗട്ടുകൾ ഇംഗ്ലണ്ടിന് എന്നും പേടി സ്വപ്നമാണ്. ലോകകപ്പില്‍ മൂന്ന് തവണയാണ് ഷൂട്ടൗട്ട് കടന്പയില്‍ തട്ടി ഇംഗ്ലണ്ട് വീണത്. ഇത് മുന്നില്‍ കണ്ടുള്ള പ്രത്യേക പരിശീലനമാണ് ഇത്തവണ ഗാരത് സൗത്ത്ഗേറ്റ് ടീമിന് നല്‍കിയത്.


2006 വേൾഡ് കപ്പ്, 1990 , 98, 2006 അങ്ങനെ ലോകകപ്പിൽ എപ്പോഴൊക്കെ പെനാല്‍റ്റി ഷൂട്ടൗട്ട് വിധിയെഴുതിയോ അപ്പോഴൊക്കെ ഇംഗ്ലണ്ടിന് കണ്ണീര് മാത്രമായിരുന്നു ബാക്കി. ലക്ഷ്യം തെറ്റിയവരുടെ പട്ടികയില്‍ ലംപാര്‍ഡും ജെറാഡും ഉൾപ്പെടെ പ്രമുഖര്‍. നോക്ക് ഔട്ട് റൗണ്ടുകൾ ഇംഗ്ലീഷ് പടയ്ക്ക് പേടി സ്വപ്നമാകുന്നത് ഇതുകൊണ്ടാണ്. എന്നാല്‍ ഇത്തവണ ചരിത്രം തിരുത്തി എഴുതാനുള്ള ഒരുക്കത്തിലാണ് ഗാരത് സൗത്ത്ഗേറ്റും സംഘവും . മാര്‍ച്ച് മുതല്‍ തന്നെ പ്രത്യേക പെനാല്‍റ്റി പരിശീലനം ടീം ആരംഭിച്ചിരുന്നു എന്നാണ് സൗത്ത് വെളിപ്പെടുത്തുന്നത്.പരിശീലനം നടത്തുന്നതിനൊപ്പം. പ്രത്യേക പഠനം നടത്തുകയും തന്ത്രങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. മത്സരം ഷൂട്ടൗട്ടിലേക്ക് കടന്നാല്‍ പെനാല്‍റ്റി എടുക്കേണ്ടവരുടെ പട്ടിക നേരത്തെ തയ്യാറാക്കി. ഇവര്‍ സ്പോട്ട് കിക്കിനായി പ്രത്യേകം സമയം കണ്ടെത്തുന്നുമുണ്ട്. സമ്മര്‍ദ്ദങഅങൾ അതിജീവിക്കാന്‍ ഇംഗ്ലണ്ട് താരങ്ങൾ പ്രാപ്തരാണെന്നാണ് സൗത്ത് ഗേറ്റ് അവകാശപ്പെടുന്നത്. 1996 ലെ യൂറോ സെമിഫൈനലില്‍ രാജ്യത്തിനായി പെനാല്‍റ്റി നഷ്‍ടപ്പെടുത്തിയതിന്‍റെ നിരാശ മാറ്റാനുള്ള സുവര്‍ണാവസരം കൂടിയാണ് സൗത്ത് ഗേറ്റിനിത്.