ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഏറ്റവും വേഗമേറിയ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മ്യൂനിയര്‍ സ്വന്തമാക്കി

മോസ്ക്കോ: റഷ്യന്‍ ലോകകപ്പിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ബെല്‍ജിയം കുതിക്കുന്നു. ഇംഗ്ലണ്ടിനെതിരായ ലൂസേഴ്സ് ഫൈനലില്‍ നാലാം മിനിട്ടില്‍ തന്നെ ബെല്‍ജിയം കരുത്തു കാട്ടി. മത്സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ബെല്‍ജിയം ഒരു ഗോളിന് മുന്നിലാണ്. നാലാം മിനിട്ടില്‍ തോമസ് മ്യൂനിയറാണ് ഗോൾ നേടിയത്.

നാസർ ചാ‌ഡ്‌ലിയുടെ തകര്‍പ്പന്‍ ക്രോസിൽ നിന്നാണ് മ്യൂനിയര്‍ ഇംഗ്ലിഷ് വല കുലുക്കിയത്. മ്യൂനിയർ കൂടി ഗോൾ നേടിയതോടെ റഷ്യന്‍ ലോകകപ്പിൽ ഗോൾ നേടിയ ബൽജിയം താരങ്ങളുടെ എണ്ണം പത്തായി.

ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ഏറ്റവും വേഗമേറിയ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും മ്യൂനിയര്‍ സ്വന്തമാക്കി. ഹസാര്‍ഡും ലുക്കാക്കുവമടക്കമുള്ള വമ്പന്‍ താരനിരയുമായാണ് ബെല്‍ജിയം കളത്തിലുള്ളത്. മറുവശത്ത് ഇംഗ്ലണ്ടിനായി ഹാരി കെയ്നും റഹിം സ്റ്റെര്‍ലിംഗുമടക്കമുള്ള സൂപ്പര്‍ താരങ്ങളും പോരാടുന്നുണ്ട്.