ടുണിഷ്യയെ കീഴടക്കിയ ഇംഗ്ലണ്ടിന് ഇന്ന് പാനമയെ കൂടി തോല്‍പിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം

മോസ്കോ: ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ഇംഗ്ലണ്ട് ഇന്ന് പാനമയെ നേരിടും. വൈകിട്ട് 5.30നാണ് മത്സരം. ഗ്രൂപ്പ് എച്ചില്‍ ഏഷ്യന്‍ ശക്തികളായ ജപ്പാന്, 8.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സെനഗലാണ് എതിരാളികള്‍. ആദ്യ ജയത്തിനായി കൊളംബിയയും പോളണ്ടും ഇന്നിറങ്ങും.

ഇഞ്ച്വറി ടൈമില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍റെ ഗോളിലൂടെ ടുണിഷ്യയെ കീഴടക്കിയ ഇംഗ്ലണ്ടിന് ഇന്ന് പാനമയെ കൂടി തോല്‍പിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. സഹ പരിശീലകന്‍റെകയ്യില്‍ നിന്ന് പുറത്തായ ടീം ലൈനപ്പ് ശരിയാണെങ്കില്‍ ആദ്യ ഇലവനില്‍ ചില മാറ്റങ്ങളുണ്ടാകും. ലോക റാങ്കിംഗില്‍ 12 ആം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 55 ആം സ്ഥാനത്തുള്ള പാനമ വെല്ലുവിളി ഉയര്‍ത്തില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പക്ഷെ 2006ന് ശേഷം ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ജയിക്കാന്‍ ഇംഗ്ലണ്ടിനായിട്ടില്ല. ഇതാദ്യമായാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്. ഇന്ന് പാനമ ജയിക്കാതിരുന്നാല്‍ ബെല്‍ജിയത്തിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഗ്രൂപ്പ് എച്ചില്‍ ആദ്യ മത്സരം ജയിച്ച ജപ്പാന് ഇന്ന് സെനഗലിനെ കൂടി തോല്‍പിക്കാനായല്‍ പ്രീ ക്വാര്‍ട്ടര്‍ ബര്‍ത്ത് കുറേക്കൂടി അടുത്താകൂം. പക്ഷെ ഇതുവരെ ഒരു ഏഷ്യന്‍ ടീമിനും ലോകകപ്പിലെ ആദ്യ രണ്ട് മത്സരം ജയിക്കാനായിട്ടില്ല.

കൂട്ടായ്മയാണ് ടീമിന്‍റെ ശക്തി എന്ന് പ്രഖ്യാപിച്ച പരിശീലകന്‍ നിഷിനോ കൊളംബിയയെ അട്ടിമറിച്ച പതിനൊന്നു പേരെ തന്നെ കളത്തിലിറക്കാനാണ് സാധ്യത. പോളണ്ടിനെ തോല്‍പിച്ച് തുടങ്ങിയ സെനഗല്‍ 2002 ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാത്ത ടീമാണ് സെനഗല്‍.

സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോസ്കിയും ഹാമിഷ് റോഡ്രിഗസും നേര്‍ക്കുനേര്‍ വരുമ്പോള്‍ കടലാസില്‍ കരുത്തന്‍മാരായ കൊളംബിയയും പോളണ്ടും ലക്ഷ്യമിടുന്നത് ആദ്യ ജയം. 1994ന് ശേഷം ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ചരിത്രമില്ല കൊളംബിയക്ക്. സെനഗലിനെതിരെ നിറം മങ്ങിയെങ്കിലും റോബര്‍ട്ട് ലെവന്‍ഡോസ്കി ഇന്ന് കരുത്ത് കാട്ടുമെന്ന പ്രതീക്ഷയിലാണ് പോളണ്ട്.