ഇംഗ്ലണ്ട് ഒരു ഗോളിന് മുന്നില്‍

സമാര: സെറ്റ് പീസില്‍ നിന്ന് ഗോള്‍ നേടാനുള്ള പ്രതിഭ ലോകകപ്പില്‍ വീണ്ടും തെളിയിച്ച ഇംഗ്ലണ്ട് ലോകകപ്പ് ക്വാര്‍ട്ടറില്‍ സ്വീഡനെതിരെ ഒരു ഗോളിന് മുന്നില്‍. ആദ്യപകുതിയില്‍ കാര്യമായി രണ്ടു ടീമുകള്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയപ്പോള്‍ മാഗ്യൂര്‍ ഇംഗ്ലീഷ് പടയ്ക്കായി നേടിയ ഒരു ഗോള്‍ മാത്രമാണ് എടുത്തു പറയത്തക്കതായി കളത്തിലുണ്ടായുള്ളൂ.

ലോകകപ്പില്‍ അടുത്ത കാലത്ത് വലിയ നേട്ടങ്ങളൊന്നും അവകാശപ്പെടാന്‍ സാധിക്കാത്ത രണ്ടു ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരു ഭാഗത്തു നിന്നും ആദ്യ മിനിറ്റുകളില്‍ ശ്രദ്ധയോടെയുള്ള മുന്നേറ്റങ്ങളാണ് നടന്നത്. പ്രതിരോധത്തില്‍ ഊന്നിയുള്ള സ്വീഡിഷ് ശെെലിക്ക് മുന്നില്‍ ഹാരി കെയ്നും സംഘത്തിനും സ്ഥിരം ആക്രമണ ശെെലി പുറത്തെടുക്കാന്‍ സാധിച്ചില്ല.

ഇടയ്ക്കിടെ ഉണ്ടാകുന്ന കൗണ്ടര്‍ അറ്റാക്കിലൂടെ ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡിനെ വിറപ്പിക്കാന്‍ ഗ്രാന്‍വിസ്റ്റിനും സംഘത്തിനും സാധിച്ചു. എങ്കിലും ഗോള്‍ പിറക്കാന്‍ സാധ്യതയുള്ള ഒരു നീക്കങ്ങള്‍ പോലും ആദ്യ 15 മിനിറ്റുകള്‍ പിന്നിട്ടപ്പോള്‍ രണ്ടു ടീമുകള്‍ക്കും നടത്താന്‍ സാധിച്ചില്ല. 18-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിംഗിന്‍റെ പെട്ടെന്നുള്ള മുന്നേറ്റത്തില്‍ പാസ് ലഭിച്ച ഹാരി കെയ്ന്‍ പായിച്ച ലോംഗ് റേഞ്ചര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

ആദ്യത്തെ അമ്പരപ്പിന് ശേഷം ഇംഗ്ലീഷ് നിര വളരെ താളാത്മകമായി കളത്തിലേക്ക് തിരിച്ച് വന്നു. എറിക് ഡയറും സ്റ്റെര്‍ലിംഗും ഒത്തുചേര്‍ന്ന നടത്തിയ നീക്കങ്ങള്‍ ബോക്സ് വരെയെത്തിയെങ്കിലും കരുത്തോടെ നിന്ന സ്വീഡിഷ് പ്രതിരോധമാണ് അവര്‍ക്ക് വില്ലനായത്. 29-ാം മിനിറ്റില്‍ നിരന്തര മുന്നേറ്റങ്ങള്‍ നടത്തിയ ഇംഗ്ലണ്ടിന് ആദ്യ ഗോള്‍ സ്വന്തമായി. ഇംഗ്ലണ്ടിന്‍റെ ലോകകപ്പിലെ ശക്തിയായ സെറ്റ് പീസാണ് ഇത്തവണയും അനുഗ്രഹമായത്.

30-ാം മിനിറ്റില്‍ ആഷ്‍ലി യംഗ് തൊടുത്ത കോര്‍ണര്‍ ഹാരി മാഗ്യൂര്‍ വലയിലാക്കി. കളി കെെവിട്ട് പോകുന്നതായി മനസിലാക്കി സ്വീഡന്‍ അല്‍പംകൂടെ ആക്രമണത്തിന് പ്രാധാന്യം നല്‍കി കളിക്കാന്‍ ആരംഭിച്ചു. പക്ഷേ, ആദ്യ പകുതിയില്‍ കാര്യമായി ഒന്നും ചെയ്യാനാകാതെ കളത്തില്‍ നിന്ന് കയറാനായിരുന്നു സ്വീഡന്‍റെ വിധി. ഇതിനിടെ സ്റ്റെര്‍ലിംഗ് ഗോള്‍കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കേ അവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നുന്നെങ്കില്‍ സ്വീഡിഷ് വീഴ്ചയുടെ ആഘാതം വര്‍ധിക്കുമായിരുന്നു.