ഇംഗ്ലണ്ട് ഒത്തൊരുമയുള്ള ശക്തരായ സംഘമാണ്

മോസ്‌കോ: റഷ്യയില്‍ വമ്പന്‍മാര്‍ക്ക് കാലിടറിയപ്പോള്‍ അത്ഭുതം കാട്ടുകയാണ് ഇംഗ്ലണ്ട്. 1966ന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ കിരീടമെത്താനുള്ള സാധ്യതകള്‍ റഷ്യയില്‍ തെളിഞ്ഞുവരുന്നുണ്ട്. ക്വാര്‍ട്ടറില്‍ സ്വീഡനെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തതോടെ അവര്‍ ഒരുപടി കൂടി കപ്പിലേക്കടുത്തു. ജൂലൈ 15ന് ലോകകപ്പ് ഏറ്റുവാങ്ങുക ഹാരി കെയ്‌നും സംഘവുമാകുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

എന്നാല്‍, റഷ്യയില്‍ കിരീടമുയര്‍ത്താന്‍ ഇംഗ്ലണ്ടുണ്ടാകുമെന്ന് പറയുകയാണ് സ്വീഡിഷ് പരിശീലകന്‍ ജെന്നി ആന്‍ഡേര്‍സണ്‍. ക്വാര്‍ട്ടറില്‍ തങ്ങളെ തകര്‍ത്ത ഇംഗ്ലണ്ടിന് കപ്പുയര്‍ത്താന്‍ എല്ലാ സാധ്യതകളുമുണ്ട്. ഈ ലോകകപ്പില്‍ ഇംഗ്ലണ്ട് ഒത്തൊരുമയുള്ള ശക്തരായ സംഘമാണ്. റഷ്യയില്‍ ലോകകപ്പുയര്‍ത്താന്‍ എല്ലാവിധ കരുത്തും അവര്‍ക്കുണ്ടെന്നും സ്വീഡിഷ് പരിശീലകന്‍ വ്യക്തമാക്കി. 

ലോകകപ്പ് സെമിയില്‍ 28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് എത്തുന്നത്. ഹാരി മാഗ്യൂര്‍, ഡെലെ അലി എന്നിവരുടെ ഗോളുകളാണ് സ്വീഡനെതിരെ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡിന്‍റെ സേവുകളും മത്സരത്തില്‍ ഇംഗ്ലീഷ് പടയ്ക്ക് കരുത്തായി.