പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്തച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ലിസ ജോണ്‍ തന്നെയാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തത്. ഡെപ്യൂട്ടി പൊലീസ് സര്‍ജന്റെ തസ്തികയാണ് ഡോ. ലിസ ജോണിന്റേത്. പോസ്റ്റ്മോര്‍ട്ടം നടക്കുമ്പോള്‍ ഒരു പിജി വിദ്യാര്‍ഥി സഹായിയായി ഒപ്പമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന ഈ റിപ്പോര്‍ട്ട് ആരോഗ്യസെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടര്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെത്തി തെളിവെടുത്തിരുന്നു. പോസറ്റ്മോര്‍ട്ടം നടപടികളില്‍ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗത്തിന് വീഴ്ച വന്നെന്ന് ആക്ഷേപമുണ്ടായിരുന്നു.