പ്രാണേഷ് കുമാറിന്‍റെ അച്ഛന്‍റെ അപകടമരണം; പൊലീസ് അന്വേഷണം തുടങ്ങി

First Published 15, Apr 2018, 12:54 AM IST
Enquiry about Death Of Gopinatha Pillai
Highlights
  • പ്രാണേഷ് കുമാറിന്‍റെ അച്ഛന്‍റെ  അപകടമരണം
  • പൊലീസ് അന്വേഷണം തുടങ്ങി

ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിൽ വധിച്ച പ്രാണേഷ് കുമാറിന്‍റെ അച്ഛൻ ഗോപിനാഥ പിള്ളയുടെ  അപകടമരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. അപകടത്തിലുൾപ്പെട്ട മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. എന്നാൽ അപകടത്തിൽ ദുരൂഹതയില്ലെന്നാണ് ഗോപിനാഥ പിള്ളയുടെ സഹോദരൻ പറയുന്നത്.

2004ലെ  ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐയുടെ പ്രധാന സാക്ഷിയാണ് പ്രാണേഷ് കുമാറിന്റെ അച്ഛൻ ഗോപിനാഥ പിള്ള. ഗുജറാത്തിലെ മുതിർന്ന ഐപിഎസ് ഓഫീസർമാരെ പ്രതിയാക്കി 2013ൽ സിബിഐ സമ‍ർപ്പിച്ച കുറ്റപത്രത്തിൽ ഇതുവരെയും വിചാരണ തുടങ്ങിയിട്ടില്ല. ഇതിനിടെയുണ്ടായ അപകടമായതുകൊണ്ട് തന്നെ ദുരൂഹതകളെന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയാണ് പൊലീസ്.

ശാസ്ത്രീയമായ അന്വേഷണമാണ് നടത്തുന്നതെന്ന് ആലപ്പുഴ എസ്‍പി എസ്.സുരേന്ദ്രൻ പറഞ്ഞു. ചേർത്തല ഡിവൈഎസ്‍പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇതിനിടെ സംഭവം കൊലപാതകമാണെന്നാരോപിച്ച്  ഗോപിനാഥ പിള്ളയുടെ അഹമ്മദാബാദിലെ അഭിഭാഷകൻ ഷംഷദ് പത്താൻ രംഗത്തെത്തി. മരണം സംശയമുയർത്തുന്നുവെന്ന് പത്താൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. എന്നാൽ അപകടത്തിൽ ദുരൂഹതയില്ലെന്ന് ഗോപിനാഥ പിള്ളയ്ക്കൊപ്പം യാത്രചെയ്തിരുന്ന സഹോദരൻ പറഞ്ഞു.

ആലപ്പുഴയിലെ വയലാറില്‍ബുധനാഴ്ച രാവിലെ ആയിരുന്നു അപകടം. മിനിലോറിയിൽ തട്ടി നിയന്ത്രണം വിട്ട കാർ, എതിരേ വന്ന ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ചു. ഗുരുതര പരിക്കേറ്റ ഗോപിനാഥ പിള്ള ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍മരിച്ചത്. .

loader