കണ്ണൂര്‍:അബദ്ധങ്ങളില്‍ നിന്നും അബദ്ധങ്ങളിലേക്കാണ് എന്‍എസ്എസ് പോകുന്നതെന്ന് മന്ത്രി ഇ.പി.ജയരാജന്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ എന്‍എസ്എസ് നടത്തിയ പ്രസ്താവന നിലവാരമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

തലശ്ശേരിയിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കിടെ ആക്രമിക്കപ്പെട്ട പി.ശശിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു ഇ.പി.ജയരാജന്‍. സമാധാനശ്രമങ്ങള്‍ക്ക് ശേഷവും അക്രമങ്ങള്‍ തുടരുകയാണെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളെ കൂടെ നിര്‍ത്തി പ്രവര്‍ത്തിപ്പിക്കുമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. 

സമാധാനം പുനസ്ഥാപിക്കാന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ആര്‍എസ്എസ് ഇതിനു തുരങ്കംവയ്ക്കുകയാണെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ദണ്ഡും വടിയും വാളും എടുത്ത് ഇവര്‍ ഉറഞ്ഞു തുള്ളുന്നത് എന്തിനാണ്. ,സാമൂഹിക പരിഷ്കരണത്തേയും നാടിന്‍റെ വികസനത്തേയും തടയാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നില്‍ ഉള്ളത്. സംഘപരിവാറിന്‍റെ ഗൂഢലക്ഷ്യങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട് അവര്‍ ഒറ്റപ്പെടുക തന്നെ ചെയ്യും. 

ആര്‍എസ്എസ് അല്ല സിപിഎം. സമാധാനത്തിന് വേണ്ടിയുള്ള എല്ലാ ശ്രമവും സിപിഎം തുടരും. കേരളം ഒരുപാട് വളര്‍ന്നു വികസിച്ചു. ആ വളര്‍ച്ചയില്‍ ഏറ്റവും വലിയ പങ്കുവഹിച്ചത് സിപിഎമ്മാണ്. ഈ നാടിന് വേദനിക്കുന്പോള്‍ ആ വേദനയുണ്ടാവുന്നത് സിപിഎമ്മിനെയാണ്. നാടിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലാത പാര്‍ട്ടിയാണ് ആര്‍എസ്എസ്.ഇന്നാള്‍ വരെയുള്ള കേരളത്തിന്‍റെ വളര്‍ച്ചയിലും പുരോഗതിയിലും എന്തെങ്കിലുമൊരു പങ്ക് വഹിച്ച പാര്‍ട്ടിയാണോ ആര്‍എസ്എസും ബിജെപിയും. ക്രിമിനലുകളുടെ പ്രസ്ഥാനമാണത് അവരുടെ പ്രവ-ത്തി കൊണ്ട് തന്നെ അവര്‍ പരാജയപ്പെടും ജയരാജന്‍ പറഞ്ഞു.