തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ പൂര്‍ണമായും അനുകൂലിച്ചും സമരക്കാരെ തള്ളിപ്പറഞ്ഞും വ്യവസായമന്ത്രി ഇപി ജയരാജന്‍. കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്ന് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിട്ടില്ലെന്ന്  ഇപി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു.

ആലപ്പാട്ടെ ആളുകള്‍ ഖനനത്തിന് എതിരല്ലെന്നും പുറത്തുള്ളവരാണ് ഖനനത്തിന് എതിരെ സമരം നടത്തുന്നതെന്നും കുറ്റപ്പെടുത്തിയ അമ്പലം ഉണ്ടാക്കി വരെ ഖനനം തടയാൻ ഇപ്പോൾ ശ്രമം നടക്കുന്നുണ്ടെന്നും ആരോപിച്ചു. ആലപ്പാട്ടെ കരിമണല്‍ ഖനനസമരം സര്‍ക്കാര്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കണം എന്ന് ആവശ്യപ്പെട്ട് പിടി തോമസ് എംഎല്‍എ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 

ആലപ്പാട് നിന്നും 5000-ത്തോളം കുടുംബങ്ങള്‍ ഇതിനോടകം ഒഴിഞ്ഞു പോയെന്നും അമ്പലവും സ്കൂളും കടലെടുതെന്നും ഒരു നാട് തന്നെ കരിമണല്‍ ഖനനം മൂലം ഇല്ലാതെയാവുകയാണെന്നും പിടി തോമസ് അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. വ്യവസായ മന്ത്രി ദുര്‍വാശി കളഞ്ഞ് സ്ഥലം സന്ദര്‍ശിക്കണമെന്നും മുഖ്യമന്ത്രി ആലപ്പാടേക്ക് പോകണമെന്നും ജനത്തിന്‍റെ ഭീതി അകറ്റണമെന്നും പിടി ആവശ്യപ്പെട്ടു. 

‌‌ആലപ്പാട്ടെ തീരശോഷണത്തെക്കുറിച്ച് വിദ​ഗ്ദ്ധസമിതി പഠനം നടത്തി കൊണ്ടിരിക്കുകയാണെന്നും ഇതേക്കുറിച്ചുള്ള റിപ്പോർട്ട് ഒരുമാസത്തിനുള്ളിൽ കിട്ടുമെന്നും മന്ത്രി ഇപി ജയരാജൻ അടിയന്തരപ്രമേയത്തിന് മറുപടിയായി പറഞ്ഞു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികളെക്കുറിച്ച് സർക്കാർ ആലോചിക്കും. ​ഗൾഫ് രാജ്യങ്ങൾക്ക് പെട്രോൾ എന്ന പോലയാണ് കേരളത്തിന് കരിമണലെന്നും കേരളത്തിലെ ധാതുക്കൾ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ ഖനനം ചെയ്യണമെന്നാണ് സർക്കാർ നിലപാടെന്നും ഇപി വ്യക്തമാക്കി. 

അമ്പലം ഉണ്ടാക്കി വരെ ആലപ്പാട്ടെ ഖനനം നടയാൻ ശ്രമം നടക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകുന്ന ഒരു വ്യവസായത്തെ എന്തിനാണ് ഇങ്ങനെ എതിർക്കുന്നതെന്ന് മനസിലാവുന്നില്ലെന്ന് പറഞ്ഞ ഇപി ജയരാജൻ സമരത്തിൽ ബാഹ്യശക്തികൾ ഇടപെടുന്നുണ്ടെന്ന തന്റെ മുൻനിലപാട് നിയമസഭയിൽ വീണ്ടും ആവർത്തിച്ചു. പൊതുജനങ്ങളെ ഉപയോഗിച്ചു തന്നെ വലിയ തോതില്‍ ആലപ്പാട് ഖനനം നടക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. 

എന്നാല്‍ അനധികൃത മണല്‍കടത്ത് തടയേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. ഒരു ജനകീയ സമരത്തെ സര്‍ക്കാര്‍ പാടെ അവ​ഗണിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് നിയമസഭയിൽ നിന്നിറങ്ങിപ്പോയി.