പ്രക്ഷോഭം ശക്തമാക്കുകയാണ് ശബരിമല സംരക്ഷണസമിതി. ശബരിമല കയറാനെത്തിയ യുവതി ഇന്ന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച് തടഞ്ഞു

കൊച്ചി: ശബരിമലയിലെ സ്ത്രീ വിവേചനം അവസാനിപ്പിച്ച സുപ്രീം കോടതി വിധിയ്ക്കെതിരെ ഒരു വിഭാഗം ഭക്തന്‍മാര്‍ പ്രക്ഷോഭത്തിലാണ്. മല കയറാനെത്തുന്ന യുവതികള്‍ക്ക് പൂര്‍ണ പിന്തുണയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സുപ്രീം കോടതി വിധി എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മറുവശത്ത് പ്രക്ഷോഭം ശക്തമാക്കുകയാണ് ശബരിമല സംരക്ഷണസമിതി. ശബരിമല കയറാനെത്തിയ യുവതി ഇന്ന് പത്തനംതിട്ട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച് തടഞ്ഞു. അതിനിടയിലാണ് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയത്. യുവതികളടക്കമുള്ള ഭക്തരെ തടയുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നായിരുന്നു ഇപിയുടെ പ്രതികരണം.

അത്തരം പ്രവൃത്തികള്‍ മഹാപാപമാണെന്നും തടയുന്നവര്‍ക്ക് വലിയ നാശമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം നിലപാടുകളില്‍ നിന്ന് ശരിയായ അയ്യപ്പ ഭക്തന്‍മാര്‍ പിന്മാറണമെന്നും വ്യവസായമന്ത്രി ആവശ്യപ്പെട്ടു.