പ്രഷര്‍, പ്രമേഹം, ക്യാന്‍സര്‍, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന രോഗികള്‍ അനധികൃത ക്യാമ്പുകളില്‍ ചികിത്സ തേടുന്നത് ആകെയുള്ള താളം തെറ്റിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസർ. ഇത്തരം ക്യാമ്പുകള്‍ മൂലമുണ്ടാകുന്ന ഭവിഷ്യത്തുകള്‍ക്ക് സംഘാടകരായിരിക്കും ഉത്തരവാദികളെന്നും അറിയിപ്പ്

എറണാകുളം: പ്രളയബാധിത മേഖലകളില്‍ അനധികൃത മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. ജില്ലയിലെ വിവിധയിടങ്ങളില്‍ ഇത്തരം ക്യാമ്പുകള്‍ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അറിയിപ്പെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

'പ്രഷര്‍, പ്രമേഹം, ക്യാന്‍സര്‍, പക്ഷാഘാതം തുടങ്ങിയ രോഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ആരോഗ്യ പരിപാടികള്‍ വഴി ചിട്ടയായി ചികിത്സ ലഭിച്ചുകൊണ്ടിരിക്കുന്ന ധാരാളം രോഗികള്‍ ക്യാമ്പുകളില്‍ വന്നുപോയിട്ടുണ്ട്. അത്തരം രോഗികള്‍ ഈ അവസരത്തില്‍ ഇതുപോലുള്ള ക്യാമ്പുകളില്‍ ചികിത്സ തേടുന്നത് ഇതുവരെ ചെയ്തുകൊണ്ടിരിക്കുന്ന അവരുടെ ചികിത്സ, ഫോളോ അപ് എന്നിവയുടെ താളം തെറ്റുന്നതിന് ഇടയാക്കും'-അറിയിപ്പില്‍ പറയുന്നു. 

അനധികൃത മെഡിക്കല്‍ ക്യാമ്പുകള്‍ മൂലമുണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ക്ക് ബന്ധപ്പെട്ട സംഘാടകര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ സന്നദ്ധതയുള്ളവര്‍ക്ക് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഇതാണ് വിളിക്കേണ്ട നമ്പര്‍: 9946 992 995.