അബുദാബി: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ, ഗള്‍ഫ് നാടുകളില്‍ ആയിരം സ്റ്റേജ് പിന്നിട്ടു കഴിഞ്ഞു. 1974 ല്‍ അബുദാബിയിലാണ് അദ്ദേഹം ആദ്യമായി ഗള്‍ഫില്‍ പാടാനെത്തുന്നത്. മൂസാക്കയ്ക്ക് വിപുലമായ ആദരവ് ഒരുക്കുകയാണ് യു.എ.ഇയിലെ മാപ്പിളപ്പാട്ട് സ്നേഹികള്‍.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഗായകന്‍ എരഞ്ഞോളി മൂസയ്ക്ക് ദുബായിലാണ് സ്വീകരണം ഒരുക്കുന്നത്. വ്യാഴാഴ്ച
വൈകീട്ട് ഏഴിന് അല്‍ നാസര്‍ ലെഷര്‍ലാന്‍റില്‍ നടക്കുന്ന ചടങ്ങില്‍ ഇദ്ദേഹത്തെ ആദരിക്കും. ഗള്‍ഫ് നാടുകളില്‍ ആയിരം സ്റ്റേജ് പിന്നിട്ടതിന്‍റെ
ആഘോഷം കൂടിയാണിത്.

ഇതുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എരഞ്ഞോളി മൂസ തന്‍റെ പഴയകാലം ഓര്‍ത്തെടുത്തു. തന്‍റെ മക്കളേയും
ഭാര്യയേയും തിരിഞ്ഞ് നോക്കാത്ത ഒരുകാലം തനിക്കുണ്ടായിരുന്നെന്ന് പറഞ്ഞ് ഈ ഗായകന്‍ വിതുമ്പി. 1974 ല്‍ അബുദാബിയിലാണ് ഗള്‍ഫിലെ ആദ്യ സ്റ്റേജ് എരഞ്ഞോളി മൂസയ്ക്ക് കിട്ടുന്നത്. 

അവിടന്നങ്ങോട്ട് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇദ്ദേഹം സന്ദര്‍ശിച്ചു. ദുബായില്‍ നടക്കുന്ന ചടങ്ങില്‍ എരഞ്ഞോളി മൂസയ്ക്ക് പ്രശംസാപത്രവും
50,001 രൂപയും സമ്മാനിക്കും. തുടര്‍ന്ന് ഇദ്ദേഹത്തിന്‍റെ ഹിറ്റ് പാട്ടുകള്‍ കോര്‍ത്തിണക്കി മാപ്പിളപ്പാട്ടിലെ മൂന്ന് തലമുറയിലെ ഗായകര്‍ ഗാനങ്ങള്‍
ആലപിക്കും.