മകന്റെ മരണത്തിന്‍ പങ്കെന്ന് ആരോപിച്ച് നളിനി

കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെ എറണാകുളം റൂറല്‍ എസ്‌പിയുടെ സ്ക്വാഡിനെതിരെ മറ്റൊരു ആരോപണം. പൊലീസ് പിടികൂടിയ മകനെ പിന്നീട് പുഴയില്‍ മുങ്ങിമരിച്ചനിലയിലാണ് കണ്ടതെന്ന് വരാപ്പുഴ സ്വദേശിയായ നളിനി ആരോപിച്ചു. പൊലീസിനെ കണ്ടോടിയ നളിനിയുടെ മകന്‍ മുകുന്ദന്‍ പുഴയില്‍ വീണ് മുങ്ങിമരിച്ചെന്നാണ് രേഖകളിലുളളത്.

കഴിഞ്ഞ ജൂണില്‍ ചീട്ടുകളി കേന്ദ്രം റെയ്ഡ് ചെയ്ത പൊലീസ് ആളുമാറി മകന്‍ മുകുന്ദനെ കസ്റ്റഡിയിലെടുത്ത് മ‍ര്‍ദ്ദിച്ചെന്ന് നളിനി പറയുന്നു. എസ്‌പി സ്‌ക്വാഡായിരുന്നു ഇതിന് പിന്നില്‍. മുങ്ങിമരണമെന്ന കണ്ടെത്തലില്‍ പൊലീസ് അന്വേഷണം അവസാനിച്ചു. പൊലീസിനെതിരെ പരാതിയുമായി റൂറല്‍ എസ്‌പിയെ തന്നെ സമീപിച്ചെങ്കിലും ആരും ഗൗനിച്ചില്ല.

ആരോപണം പൊലീസിനെതിരെ ആയതിനാല്‍ സാക്ഷി പറയാന്‍ പോലും ആരും തയാറായില്ല. ഒടുവില്‍ മുങ്ങിമരണമെന്ന് വിധിയെഴുതി പൊലീസ് കേസ് ഫയല്‍ മടക്കുകയായിരുന്നു എന്നാണ് ആരോപണം. പ്രത്യേക സ്വാഡ് എന്ന പേരില്‍ കുറച്ചു പൊലീസുകാരെ കയറൂരി വിടുന്നതാണ് ഇവരും ചോദ്യം ചെയ്യുന്നത്.