സിപിഐ എംഎൽഎ ഇ.എസ്.ബിജിമോളുടെ സഹോദരി പ്രസിഡന്‍റായ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെന്ന് വിവാദം

പീരുമേട്: സിപിഐ എംഎൽഎ ഇ.എസ്.ബിജിമോളുടെ സഹോദരി പ്രസിഡന്‍റായ സൊസൈറ്റിക്ക് വഴിവിട്ട് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെന്ന വിവാദത്തിൽ പ്രക്ഷോഭത്തിനൊരുങ്ങി കോണ്‍ഗ്രസും ബിജെപിയും. സംഭവം വിജിലൻസ് അന്വേഷിക്കണമെന്നും എംഎൽഎ രാജിവയ്ക്കണമെന്നുമാണ് ആവശ്യം

ഇ.എസ് ബിജിമോൾ എംഎൽഎയുടെ സഹോദരി ജിജി മോൾ പ്രസിഡന്‍റായ സ്പൈസസ് ചാരിറ്റബിൾ സൊസൈറ്റിക്ക് പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷൻ പതിനഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തന പരിചയമുള്ള ട്രസ്റ്റുകള്‍ക്കാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ ധനസഹായം നല്‍കുക. എന്നാൽ സപൈസസ് ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് ആറ് മാസം മാത്രമേ ആയിട്ടുള്ളൂ.

 തട്ടിപ്പിന് പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശിൽപ വി.കുമാര്‍ ഒത്താശ ചെയ്തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം നടപടിക്രമങ്ങൾ പാലിച്ചെന്നും വനംമന്ത്രി ചെയര്‍മാനായ ഗവേണിംഗ് ബോഡിയുടെ നിര്‍ദേശ പ്രകാരമാണ് തുക അനുവദിച്ചതെന്നുമാണ് ഡെപ്യൂട്ടി ഡയറക്ട്റുടെ വിശദീകരണം. വിഷയത്തിൽ ബിജെപി നാളെ ഡിഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്.