ഇടുക്കി: വിവാഹ സത്കാരത്തില്‍ പങ്കെടുക്കുന്നതിനിടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച പാ‍ര്‍ട്ടി പ്രവര്‍ത്തകനെതിരെ ഇ എസ് ബിജിമോള്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി.
സ്‌ത്രീകളുടെ സ്വകാര്യതക്ക് ഭംഗം വരുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കുകയും സ്‌ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ അസഭ്യ വാക്കുകള്‍
ഉപയോഗിച്ചെന്നുമാണ് പരാതി.

പരാതിയില്‍ സിപിഐ പ്രവര്‍ത്തകനായ ഏലപ്പാറ അതുല്യ നിവാസില്‍ എന്‍ കെ വത്സലനെതിരെ പൊലീസ് കേസ് രജിസ്റ്റ‍ര്‍ചെയ്തു. അനുവാദം കൂടാതെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച വല്‍സലനെ തടഞ്ഞപ്പോഴാണ് അസഭ്യം പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ ഏലപ്പാറയില്‍ മുന്നണിക്ക് വോട്ടു കുറഞ്ഞതിനെ കുറിച്ച് വിവാഹ സത്കാരത്തിനിടെ ഉണ്ടായ ചര്‍ച്ചക്കിടെ ബിജിമോളുടെ ബന്ധുവായ ഹോട്ടല്‍ ഉടമ പ്രകോപിതനായി സംസാരിക്കുകയും പൊതുനിരത്തിലൂടെ തന്നെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്നും വല്‍സലന്‍ പറഞ്ഞു.

ഇതിന് പാര്‍ട്ടി നേതാക്കളും നാട്ടുകാരും സാക്ഷികളാണെന്നും പറയുന്ന ഇയാള്‍ പാര്‍ട്ടി എംഎല്‍എക്കെതിരെ പരാതി നല്‍കുന്നില്ലന്നും അറിയിച്ചു.