പൂഴ്ത്തിവയ്പ്പും വിലകൂട്ടി വാങ്ങലും തടയാന്‍ കര്‍ശന നിയമങ്ങളാണുള്ളത്. 1955 ലെ ദി എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്

തിരുവനന്തപുരം: കേരളം മഹാപ്രളയത്തിന്‍റെ കെടുതികളില്‍ നിന്ന് അതിജീവനത്തിന്‍റെ പാതയിലാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മാവേലിനാട് ഒന്നാകെ അണിനിരക്കുകയാണ്. കഴിയുന്നത്ര സഹായം ചെയ്യാത്തവരായി ആരുമുണ്ടാകില്ല. അതിജിവനത്തിന്‍റെ കരുത്തിലേക്ക് കേരളം കുതിക്കുമ്പോള്‍ ചിലയിടങ്ങളിലെങ്കിലും ചെറിയ കല്ലുകടി ഉണ്ടാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും ഭക്ഷ്യ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വില വര്‍ധിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. അനധികൃതമായുളള ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് മന്ത്രി ജി സുധാകരന്‍ തന്നെ വ്യക്തമാക്കുകയും ചെയ്തു. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് അനഭിലഷണീയമായ പ്രവൃത്തികള്‍ ഉണ്ടായിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചത്.

പൂഴ്ത്തിവയ്പ്പും വിലകൂട്ടി വാങ്ങലും വ്യാപകമായ തോതില്‍ ഉണ്ടെന്ന് ശ്രദ്ധയില്‍ പെട്ടാല്‍ ചെയ്യേണ്ടതെന്താണെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പൂഴ്ത്തിവയ്പ്പും വിലകൂട്ടി വാങ്ങലും ശ്രദ്ധയില്‍ പെട്ടാല്‍ ആദ്യം തന്നെ ചെയ്യേണ്ടത് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക എന്നതാണ്. കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പൊലീസാകുമ്പോള്‍ ഉടനടി പരിഹാരം കാണുമെന്നും വകുപ്പ് അധികൃതര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

പൂഴ്ത്തിവയ്പ്പും വിലകൂട്ടി വാങ്ങലും തടയാന്‍ കര്‍ശന നിയമങ്ങളാണുള്ളത്. 1955 ലെ ദി എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത്. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെയും ഇത്തരത്തില്‍ നടപടി സ്വീകരിക്കാവുന്നതാണ്.