ലണ്ടൻ: ബന്ധം വേർപെടുത്തിയ ഭാര്യക്ക് 58.3 കോടി ഡോളർ(ഏകദേശം 37,580 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. 61കാരനായ എണ്ണ വ്യാപാരിയാണ് വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന ഉടമ്പടിയാണിത്.
ഇയാളുടെ സമ്പത്തിൻറെ 41.5 ശതമാനമാണ് 44കാരിയായ മുൻ ഭാര്യക്ക് നൽകണമെന്ന് ലണ്ടൻ ഹൈക്കോടതി ജഡ്ജ് ചാൾസ് ഹാഡ്കേവിനാണ് ഉത്തരവിട്ടത്. 58.3 കോടി ഡോളറിനുപുറമെ 3,50,000 പൗണ്ട് വിലയുള്ള ആഷ്ടൻ മാർടിൻ കാറും 90 മില്യൺ പൗണ്ട് വിലമതിക്കുന്ന ആധുനിക കലാസാമഗ്രികളും മുൻ ഭാര്യക്ക് കൈമാറാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
2012ൽ റഷ്യൻ കമ്പനിയുടെ 137 കോടി ഡോളറിന്റെ ഓഹരി സ്വന്തമാക്കിയ കോക്കസ് സ്വദേശിയായ വ്യാപാരി റഷ്യയുടെ ഊർജമേഖലയിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് പണം സമ്പാദിച്ചത്.
1989ൽ മോസ്കോയിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. നാലുവർഷത്തിനുശേഷം വിവാഹിതരായി.
വിവാഹശേഷം കിഴക്കൻ യൂറോപ്പ് സ്വദേശിയായ സ്ത്രീ വീട്ടമ്മയായി കഴിയുകയായിരുന്നു. എന്നാൽ, തെൻറ ഭർത്താവിന് ബില്യൺ പൗണ്ടിലധികം സമ്പത്തുള്ളതായും തങ്ങൾ ഇവരുടെയും തുല്യമായ പ്രയത്നഫലമായാണ് ഇത് സമ്പാദിച്ചതെന്നും അവർ ആരോപിക്കുകയായിരുന്നു.
