ശ്രീനഗര്‍: സംഘര്‍ഷം തുടരുന്ന ജമ്മുകശ്മീരില്‍ ആസാദി അഥവാ സ്വാതന്ത്ര്യം എന്ന വിഘടനവാദികളുടെ മുദ്രാവാക്യം മുഴക്കുന്നവരില്‍ ഇപ്പോള്‍ കുട്ടികളുടെ എണ്ണവും കൂടുകയാണ്. രണ്ടു മാസമായി കശ്മീരിലെ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുമ്പോള്‍ കുട്ടികള്‍ പഠനത്തില്‍ നിന്ന് പ്രതിഷേധത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

ശ്രീനഗറില്‍ ഗഗ്രിവാള്‍ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിന താഴ് വീണിട്ട് രണ്ടു മാസമാകുന്നു. ബുര്‍ഹാന്‍ വാണിയുടെ വധത്തിനു തൊട്ടടുത്ത ദിവസം ഇവിടെ നിന്ന് കുട്ടികള്‍ ഒഴിഞ്ഞതാണ്. ഏറെ അകലെയല്ലാത്ത ക്രൈസ്തവ സഭ നടത്തുന്ന ബര്‍ണ്‍ഹാള്‍ സ്‌കൂളിലും മണിമുഴങ്ങിയിട്ട് ദിവസങ്ങളായി. ഇവിടെ അദ്ധ്യാപകനാണ് ഏരുമേല സ്വദേശി ഫാദര്‍ സെബാസ്റ്റ്യന്‍ നാഗത്ത്. കശ്മീരില്‍ കൊല്ലപരീക്ഷ അടുത്തിരിക്കെയാണ് ഈ പ്രതിസന്ധി

സ്‌കൂളില്‍ പോകാത്ത കുട്ടികളെയും കശ്മീരിന്റെ ആസാദി അഥവാ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭത്തിലേക്ക് ആകര്‍ഷിക്കുകയാണ് വിഘടനവാദികള്‍. എല്‍കെജിയില്‍ പഠിക്കുന്ന ലുഖ്മന്‍ ഞങ്ങളോട് ചോദിച്ചത് എപ്പോള്‍ ആസാദി വരും എന്നാണ്. ഇത് വരുന്നത് വരെ സ്‌കൂളില്‍ പോകണ്ട എന്ന് പറയാന്‍ കുട്ടികളെയും ആരോ പ്രേരിപ്പിക്കുന്നു.