ദില്ലി: രാജ്യത്ത് റോഡപകടങ്ങളില്‍ ഒരു ദിവസം മരിക്കുന്നത് 400 പേരെന്ന് കേന്ദ്രസര്‍ക്കാര്‍. 2015ലെ കണക്ക് പ്രകാരം ശരാശരി 400 പേര്‍ ഓരോ ദിവസവും റോഡപകടങ്ങളില്‍ മരിക്കുന്നു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ കണക്കാണ് രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം 1,46,133 പേരാണ് ഇന്ത്യയില്‍ റോഡ് അപകടങ്ങളില്‍ കൊല്ലപ്പെട്ടത്. 2014നേക്കാള്‍ 4.6 ശതമാനം കൂടുതലാണ് കഴിഞ്ഞ വര്‍ഷത്തെ മരണ നിരക്ക്. 2014ല്‍ 1,39,671 പേരാണ് മരിച്ചത്.കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ റോഡ് അപകടങ്ങളില്‍ 13 ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ലോകത്തെ തന്നെ ഏറ്റവും മോശം റോഡുകളും ഗതാഗത സംവിധാനവുമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്രയും അപകടങ്ങള്‍ തുടരുമ്പോഴും റോഡ് സുരക്ഷയ്ക്ക് മതിയായ നിയമനിര്‍മ്മാണത്തിനായുള്ള ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിലവിലെ മോര്‍ട്ടോര്‍ വെഹിക്കിള്‍ ആക്ടിന് പകരം 2015ല്‍ നിര്‍ദ്ദേശിക്കപ്പെട്ട റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സേഫ്റ്റി ബില്‍ കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും പ്രത്യേക റോഡ് സുരക്ഷാ അതോറിറ്റികള്‍ സ്ഥാപിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ഗതാഗത മന്ത്രാലയം മുന്നോട്ട് വക്കുന്നത്. ഡ്രൈവിങ്ങ് ലൈസന്‍സ് അടക്കമുള്ള കാര്യങ്ങള്‍ ഇതിന്റെ പരിധിയില്‍ വരും.
