മുംബൈ: ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ വന്ദേമാതരം ചൊല്ലാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആപ്പിലായത് ബിജെപി മന്ത്രി. ഇന്ത്യാ ടുഡെ ചാനലിന്റെ ന്യൂസ് റൂം വിത്ത് രാഹുല്‍ കന്‍വാല്‍ എന്ന പരിപാടിക്കിടെയാണ് സംഭവം. ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കാണ് വന്ദേമാതരം ചൊല്ലാനറിയാതെ നാണംകെട്ടത്.

മുംബൈയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം നിര്‍ബന്ധമാക്കിയിരുന്നു. ഇത് യുപിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നതിന് പിന്നാലെയാണ് ബിജെപി മന്ത്രി തന്നെ വന്ദേമാതരം ചൊല്ലാനറിയാതെ കുഴങ്ങിയത്.

താങ്കള്‍ക്ക് വന്ദേമാതരം പാടാന്‍ കഴിയുമോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും അതറിയാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാണ് മന്ത്രി ആദ്യം ശ്രമിച്ചത്. എന്നാല്‍ വന്ദേമാതരത്തിന്റെ ഒരു വരിയെങ്കിലും ചൊല്ലാന്‍ അവതാരകന്‍ ആവശ്യപ്പെട്ടുവെങ്കിലും അതും അറിയാത്ത മന്ത്രി ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു മാറി. ബിജെപി നേതാവ് സാക്ഷി മഹാരാജ് കൂടി പങ്കെടുത്ത പരിപാടിയിലാണ് മന്ത്രി നാണംകെട്ടത്.

 വന്ദേമാതരത്തിന്റെ ഒരു വരിയെങ്കിലും പാടണമെന്ന് അവതാരകന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടുവെങ്കിലും ഓരോതവണയും മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു.