ചെന്നൈ: ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രതികരണവുമായി ഡോ.റിച്ചാര്‍ഡ് ബെയ്‌ല്‍. എന്തും സംഭവിക്കാമെന്ന് പറഞ്ഞ റിച്ചാര്‍ഡ് ബെയ്ല്‍ അപ്രതീക്ഷിത ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്നും പ്രതികരിച്ചു. ജയലളിതയെ ചികിത്സിക്കാനായി ലണ്ടന്‍ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടറായ ബെയ്ല്‍ നേരത്തെ ചെന്നൈയിലെത്തിയിരുന്നു.
ഇപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ തീര്‍ത്തും നിര്‍ഭാഗ്യകരമാണെങ്കിലും ജയലളിതയുടെ ജീവന്‍ രക്ഷിക്കാനായി സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്ന് ബെയ്ല്‍ ലണ്ടനില്‍ നിന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ജയലളിതയെ പ്രവേശിപ്പിച്ചിരിക്കുന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി നിരന്തര സമ്പര്‍ക്കം തുടരുന്നുണ്ടെന്നും ബെയ്ല്‍ പറഞ്ഞു. സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം ബെയ്ല്‍ നിരവധി തവണ അവരെ ചികിത്സിക്കാനായി ലണ്ടനില്‍ നിന്ന് ചെന്നൈയിലെത്തിയിരുന്നു.
ജയലളിതയ്‌ക്ക് ഇപ്പോള്‍ നല്‍കുന്നത് ലോകത്ത് ലഭ്യമായ ഏറ്റവും നല്ല ചികിത്സയാണ്. ഈ സാഹചര്യത്തില്‍ ലോകത്തെവിടെയും ഇതിനപ്പുറം മറ്റൊന്നും ചെയ്യാനാകില്ല. അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരും എയിംസിലെ ഡോക്ടര്‍മാരും ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അതീവശ്രദ്ധാലുക്കളാണ്. അത് ലോകത്തെവിടെയും ലഭ്യമാകുന്ന ചികിത്സയ്‌ക്ക് തുല്യമാണ്. ഏറ്റവും വിഷമകരമായ സാഹചര്യത്തില്‍ എന്റെ പ്രാര്‍ഥന അവര്‍ക്കും കുടുംബത്തിനും തമിഴ്നാട്ടിലെ ജനങ്ങള്‍ക്കുമൊപ്പമുണ്ട്-ബെയ്ല്‍ പറഞ്ഞു.
