സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്കാണ് വൻ മരം ഒടിഞ്ഞു വീണത്. അപകടത്തിൽ ബസിലുണ്ടായിരുന്ന ഒരു വിദ്യാർത്ഥി മരിക്കുകയും നാല് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. 

മുംബൈ: സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് 11 വയസുകാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ചെമ്പൂരിലുണ്ടായ അപകടത്തിൽ യൂണിവേഴ്സൽ സ്കൂളിലെ വിദ്യാർത്ഥിയായ വിഹാൻ ശ്രീവാസ്തവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്കാണ് വൻ മരം ഒടിഞ്ഞു വീണത്. അപകടത്തിൽ ബസിലുണ്ടായിരുന്ന നാല് കുട്ടികൾക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മകൻ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം ഉൾക്കൊള്ളാനാവാതെ വിഹാന്‍റെ അമ്മ ജൂഹി ഇപ്പോഴും മകന്‍റെ ക്രിക്കറ്റ് ബാറ്റ് മടിയിൽ വച്ച് കാത്തിരിക്കുകയാണ്. സ്കൂൾ കഴിഞ്ഞെത്തിയാൽ പതിവുപോലെ കളിക്കാൻ പോകാൻ മകൻ ഇന്നും ഓടിയെത്തുമെന്ന പ്രതീക്ഷയിലാണ് അവർ. ഒന്നു കരയാൻ പോലുമാവാതെ മകന്‍റെ ക്രിക്കറ്റ് ബാറ്റും പിടിച്ച് ഇരിക്കുന്ന ജൂഹിയുടെ വേദന കണ്ടു നിന്നവരുടെ കണ്ണുനിറച്ചു. മകൻ ഇനി ഈ ലോകത്തില്ല എന്ന് വിശ്വസിക്കാൻ അവർക്ക് ഇപ്പോഴും സാധിക്കുന്നില്ല. ഒരു പ്രൊഫഷണൽ ക്രിക്കറ്റർ ആകണമെന്നതായിരുന്നു വിഹാന്‍റെ വലിയ സ്വപ്നമെന്ന് അയൽവാസി രാജി മൽഹോത്ര പറഞ്ഞു. വിഹാൻ മിടുക്കനായ കുട്ടിയായിരുന്നുവെന്നും അവർ പറഞ്ഞു.

അപകടം നടക്കുമ്പോൾ ബസിൽ 13 കുട്ടികളാണ് ഉണ്ടായിരുന്നത്. മരം വീണയുടൻ തന്നെ ബസ് കണ്ടക്ടറും പ്രദേശവാസികളും സമയോചിതമായി ഇടപെട്ടതിനാൽ കുട്ടികളെ വേഗത്തിൽ പുറത്തെടുക്കാൻ സാധിച്ചു. പരിക്കേറ്റ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ അഞ്ച് വിദ്യാർത്ഥികളെ ഉടൻ തന്നെ അടുത്തുള്ള സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഹാന്റെ ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ പരിക്കേറ്റ മറ്റ് നാല് കുട്ടികളുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ രണ്ട് കുട്ടികളെ സിടി സ്കാൻ ഉൾപ്പെടെയുള്ള വിശദമായ പരിശോധനകൾക്ക് വിധേയരാക്കി ചികിത്സ നൽകി വരികയാണെന്നും ബാക്കി രണ്ടു പേരുടെ നില തൃപ്തികരമാണെന്നും ആശുപത്രി ഡയറക്ടർ ഡോ റോയ് പതങ്കർ വ്യക്തമാക്കി. അപകട വിവരമറിഞ്ഞ് മുംബൈ മേയർ റിതു താവ്‌ഡെ ആശുപത്രി സന്ദർശിച്ചു. അതീവ വേദനാജനകമായ സംഭവമാണിത്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ദുഃഖം വാക്കുകൾക്ക് അതീതമാണ്. ഒരു അമ്മയെന്ന നിലയിലാണ് താൻ ഇവിടെയെത്തിയതെന്നും മേയർ പറഞ്ഞു. ബസിലുണ്ടായിരുന്ന 13 കുട്ടികളിൽ 12 പേരും സുരക്ഷിതരാണെങ്കിലും ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടമായത് വലിയ നൊമ്പരമാണെന്ന് മേയർ പറഞ്ഞു.