മക്കിമലയിലെ ഭൂമി തട്ടിപ്പ്: സൈനികർക്ക് പട്ടയം നൽകിയതിന്റെ ഫയലുകളും കാണാതായി

First Published 5, Apr 2018, 10:44 AM IST
evidence missing in wayanad kerala for sale
Highlights
  • മക്കിമല ഭൂമി കയ്യേറ്റം റവന്യൂ രേഖകളിൽ ക്രമക്കേട്
  • തവിഞ്ഞാൽ വില്ലേജിലെ തണ്ടപ്പേർ രജിസ്റ്ററിൽ തിരിമറി നടത്തി
  • പട്ടാളക്കാർക്ക് നൽകിയ പട്ടയഫയലുകൾ കാണാനില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥൻ
  • മരിച്ച ആളുടെ പേരിൽ വ്യാജആധാരമുണ്ടാക്കി
     

കല്‍പ്പറ്റ: വയനാട് മക്കിമലയില്‍ പട്ടാളക്കാർക്ക് പതിച്ചു നൽകിയ ഭൂമി തട്ടിയെടുത്തത് തണ്ടപ്പേർ രജിസ്റ്ററിൽ തിരിമറി നടത്തി. പട്ടാളക്കാർക്ക് നൽകിയ പട്ടയത്തിന്റെ ഫയലുകൾ മാനന്തവാടി താലൂക്ക് ഓഫീസിൽ കാണാനുമില്ല. വ്യാജ ആധാരം ചമച്ച് ഭൂമി തട്ടിയെടുത്തവർക്ക് എല്ലാത്തരം ഒത്താശയും റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായി. 

മക്കിമലയിൽ പട്ടയം നല്‍കിയത് 348 പട്ടാളക്കാര്‍ക്കെന്നാണ് റവന്യൂ രേഖകള്‍ അവകാശപ്പെടുന്നത്. മൂന്ന് ഏക്കര്‍ വീതമാണ് അനുവദിച്ചത്. പക്ഷേ ഭൂമി ഏറ്റെടുത്തത് ചുരുക്കം പേര്‍. മക്കിമലയിൽ ഇപ്പോഴുള്ളത് രണ്ടു പട്ടാളക്കാര്‍ മാത്രം. രണ്ടു വര്‍ഷം മുമ്പ് ഭൂമിയുടെ അവകാശികളെ തേടി റവന്യു വകുപ്പ് റജിസ്ട്രേഡ് നോട്ടീസ് അയച്ചു. പക്ഷേ നോട്ടീസുകള്‍ മടങ്ങി വന്നു. ഏറ്റെടുക്കാൻ പട്ടാളക്കാര്‍ വരാതിരുന്ന മക്കിമലയിലെ ഭൂമി കൂട്ടത്തോടെ കയ്യേറി.

വ്യാജരേഖകള്‍ ചമച്ചവര്‍ക്ക് പോക്കുവരവ് ചെയ്തു കൊടുത്ത് തവിഞ്ഞാൽ വില്ലേജ് കരവും സ്വീകരിച്ചു. പട്ടാളക്കാരനായിരുന്ന കരുനാഗപ്പള്ളി സ്വദേശി ഷംസുദീനും മക്കിമലയിൽ പട്ടയം കൊടുത്തിരുന്നു. പക്ഷേ ഷംസുദീന്‍റെ മരണ ശേഷം ആരോ വ്യാജ ആധാരം ചമച്ച് ഭൂമി തട്ടിയെടുത്തു. ഭൂമി തിരികെപ്പിടിക്കാൻ മകന്‍ റഹീം ഓഫിസുകള്‍ കയറി ഇറങ്ങി തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

മക്കിമലയിലെ ഭൂമിയുടെ രേഖകളെക്കുറിച്ച് അറിയാൻ വിവരാവകാശ നിയമപ്രകാരംഅപേക്ഷ നല്‍കിയപ്പോള്‍. പക്ഷേ കൃത്യമായ മറുപടി നല്‍കാതെ തവിഞ്ഞാല്‍ വില്ലേജും മാനന്തവാടി താലൂക്കൂം ഒളിച്ചു കളിച്ചു. ഇതോടെ പട്ടയരേഖകള്‍ തേടി താലൂക്ക് ഓഫിസിലെത്തി. പട്ടയ ഫയലുകള്‍ കാണാനില്ലെന്നാണ് വിശദീകരണം. പട്ടയരേഖകള്‍ നശിപ്പിച്ചവരെയും വ്യാജരേഖകള്‍ ചമച്ചരെയും ഭൂമിയുടെ അവകാശികളാക്കുന്ന റവന്യു ഭരണത്തിന്‍റെ നേര്‍ സാക്ഷ്യമാണ് മക്കിമല. 

loader