ഡെറാഡൂണ്‍: വോട്ടിംഗ് യന്ത്രങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ വികാസ് നഗര്‍ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.ബി ജെ പിയുടെ മുന്നാ സിംഗ് ചൗഹാന്റെ വിജയം ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന നവ് പ്രഭാത് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും,സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും, മുന്നാ സിംഗ് ചൗഹാനും കോടതി നോട്ടീസ് അയച്ചു. ആറാഴ്ച്ചക്കകം നോട്ടീസിന് മറുപടി നല്‍കണം.139 വോട്ടിംഗ് യന്ത്രങ്ങളാണ് വികാസ് നഗറില്‍ ഉപയോഗിച്ചത്. വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയാണ് ബി ജെ പി വലിയ വിജയം സ്വന്തമാക്കിയതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനും പാര്‍ട്ടികള്‍ പരാതി അയച്ചിരുന്നു.ഉത്തരാഖണ്ഡിലെ 70 സീറ്റില്‍ 57 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ എത്തിയത്.